റിയാദ്: പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യത്തിലും ഉറച്ചകാല്‍വെപ്പുകളോടെ സൗദി മുന്നേറുമെന്ന് സല്‍മാന്‍ രാജാവ് ശൂറ കൗണ്‍സിലില്‍ നടത്തിയ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. 150 അംഗ ശൂറയുടെ ഏഴാമത് കൗണ്‍സിലിന്‍െറ പ്രഥമയോഗത്തെ അഭിസംബോധന ചെയ്താണ് രാജാവ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. രാജ്യത്തിന്‍െറ ആഭ്യന്തര, വിദേശ നയങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു പ്രസംഗം.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണക്ക് വിലയിടിവ് നേരിടുന്ന പശ്ചാത്തലത്തിലും പൗരന്മാരുടെ പുരോഗതിക്ക് രാജ്യം മുന്തിയ പരിഗണന നല്‍കുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.
തീവ്രതയിലേക്കും വിഭാഗീയതയിലേക്കും നയിക്കുന്ന എല്ലാ ആശയങ്ങളെയും തള്ളിക്കളഞ്ഞ് മിതവാദത്തില്‍ സൗദി ഉറച്ചുനില്‍ക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തിലത്തിലാണ് എണ്ണയിതര വരുമാനത്തെ പ്രോല്‍സാഹിപ്പിക്കുന്ന വിഷന്‍ 2030 അവതരിപ്പിച്ചിരിക്കുന്നത്. ഏതാനും മന്ത്രാലയങ്ങളുടെ അഴിച്ചുപണിയും പ്രയാസകരമായ ചെലവുചുരുക്കല്‍ നടപടികളും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളാണെന്ന് ശൂറ കൗണ്‍സില്‍ അംഗങ്ങളും രാജ്യത്തെ പൗരന്മാരും മനസ്സിലാക്കണമെന്ന് രാജാവ് അഭ്യര്‍ഥിച്ചു. മാനവവിഭവശേഷി നീതിപരമായി വീതിക്കപ്പെടുകയും വരുംതലമുറക്ക് അര്‍ഹമായത് കരുതിവെക്കുകയും വേണം.
ലോകസമാധാനത്തിന് സൗദി അറേബ്യ സാധ്യമായ സംഭാവനകളര്‍പ്പിക്കുമെന്ന് വിദേശനയത്തെക്കുറിച്ച് വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു. മേഖലയിലെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. അയല്‍രാജ്യങ്ങളുടെ സുരക്ഷ സൗദിയുടെ സുരക്ഷയുടെ ഭാഗമാണ്.
യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇടപെടല്‍ ഈ നയത്തിന്‍െറ ഭാഗമാണ്.
എന്നാല്‍ ഏതെങ്കിലും രാജ്യത്തിന്‍െറ ആഭ്യന്തര വിഷയത്തില്‍ സൗദി ഇടപെടില്ല. യമനില്‍ ഐക്യരാഷ്ട്രസഭയുടെ 2216ാം നമ്പര്‍ കരാര്‍ നടപ്പാക്കണമെന്നതാണ് സൗദിയുടെ നിലപാട്.
ഫലസ്തീന്‍ മണ്ണിലെ അധിനിവേഷം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന പ്രഖ്യാപിത നയത്തിലും നാം മാറ്റം വരുത്തിയിട്ടില്ല.
പ്രശ്നബാധിത പ്രദേശങ്ങളിലേക്കും അഭയാര്‍ഥികള്‍ക്കും സഹായമത്തെിക്കുന്നതില്‍ എന്നും മുന്നിലുണ്ടാവും.
അന്താരാഷ്ട്ര സമൂഹത്തോട് സൗഹൃദത്തില്‍ വര്‍ത്തിച്ചുകൊണ്ട് പ്രതിസന്ധികള്‍ തരണംചെയ്ത് മുന്നേറുമെന്നും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.