സന്തുലിത നിതാഖാത്ത്  നടപ്പാക്കുന്നത് നീട്ടി

റിയാദ്: തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന നിതാഖാത്തിന്‍െറ രണ്ടാം ഘട്ടമായ ‘സന്തുലിത നിതാഖാത്ത്’ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 11 മുതലാണ് ഇത് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് പരിഷ്കരിച്ച നിതാഖാത്ത് നടപ്പാക്കുന്നത് നീട്ടിവെക്കുന്നതെന്ന് തൊഴില്‍ വകുപ്പ് വ്യക്തമാക്കി.
ഈ സമ്പ്രദായം പരിചയപ്പെടുത്തുന്ന വെബ്സൈറ്റും സ്വകാര്യ സ്ഥാപനങ്ങിലെ സ്വദേശിവത്കരണത്തിന്‍െറ തോത് കണക്കാക്കുന്ന അഞ്ച് മാനദണ്ഡങ്ങളും സെപ്റ്റംബര്‍ മുതല്‍ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്ഥാപന ഉടമകളുടെയും തൊഴില്‍ രംഗത്തെ വിദഗ്ധരുടെയും അഭിപ്രായവും അധികൃതര്‍ തേടുകയുണ്ടായി. എന്നാല്‍ അവസാന ഘട്ടത്തില്‍ സ്ഥാപന ഉടമകളില്‍ നിന്ന് ലഭിച്ച പ്രതികരണത്തിന്‍െറ വെളിച്ചത്തിലാണ് സന്തുലിത നിതാഖാത്ത് നീട്ടിവെക്കാന്‍ തീരുമാനിച്ചത്. പരിഷ്കരണം എന്ന് നടപ്പാക്കുമെന്ന് പിന്നീട് അറിയിക്കും.
മുഖ്യമായും അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സ്വകാര്യ സ്ഥാപനങ്ങളെ വേര്‍ തിരിക്കാന്‍ തീരുമാനിച്ചിരുന്നത്. സ്വദേശിവത്കരണത്തിന്‍െറ തോത്, സ്വദേശികള്‍ക്ക് നല്‍കുന്ന ശരാശരി വേതനം, തൊഴിലാളികളില്‍ സ്ത്രീകളുടെ അനുപാതം, സ്വദേശികള്‍ ജോലിയില്‍ തുടരുന്ന കാലദൈര്‍ഘ്യം, ഉന്നത ശമ്പളത്തിലും പദവിയിലുമുള്ള സ്വദേശികളുടെ കണക്ക് എന്നിവയാണ് പുതിയ തരംതിരിക്കലിനുള്ള മാനദണ്ഡങ്ങളായി നിശ്ചയിച്ചിരുന്നത്. സ്ഥാനമൊഴിഞ്ഞ തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് അല്‍ഹഖബാനിയാണ് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപനം നടത്തിയത്. തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇത്തരം പരിഗണനകള്‍ അനിവാര്യമാണെന്നായിരുന്നു മന്ത്രാലയത്തിന്‍െറ വിലയിരുത്തല്‍. സ്വദേശികളുടെ എണ്ണം പൂര്‍ത്തിയാക്കുന്നത് കൊണ്ട്മാത്രം സ്വദേശിവത്കരണത്തിന്‍െറ ലക്ഷ്യം നേടാനാവില്ളെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്‍െറ www.mlsd.gov.sa എന്ന വെബ്സൈറ്റില്‍ തങ്ങള്‍ ഏത് വിഭാഗത്തിലാണുള്ളതെന്ന് പരിശോധിക്കാനും അവസരം ഒരുക്കിയിരുന്നു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.