ജുബൈല്‍: കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിനെ തുടര്‍ന്ന് ജുബൈലില്‍ സുഹൃത്തുക്കളാല്‍ കൊലചെയ്യപ്പെട്ട കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഫൈസലിന്‍െറ കൊലപാതക കേസില്‍ ഒന്നാം പ്രതി തമിഴ്നാട് കടലൂര്‍ കാമപുരം സ്വദേശി ഭരതന് വധശിക്ഷ. രണ്ടാം പ്രതി എറണാകുളം സ്വദേശി നെല്ലാട് മുഴുവന്നൂര്‍ എല്‍ദോ വര്‍ഗീസിന് അഞ്ചു വര്‍ഷം കൂടി അധിക തടവും ജുബൈല്‍ ശരീഅത്ത് കോടതി വിധിച്ചു. മേല്‍ കോടതിയിലേക്ക് അപ്പീല്‍ പോകുന്നതിന് പ്രതികള്‍ക്കും ഫൈസലിന്‍െറ കുടുംബാംഗങ്ങള്‍ക്കും മുപ്പത് ദിവസത്തെ സാവകാശവും കോടതി അനുവദിച്ചിട്ടുണ്ട്. 2008 ജൂണ്‍ 28 നാണ് ജുബൈല്‍ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ഫിസിയോ തെറപ്പിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ഫൈസലിനെ സഹപ്രവര്‍ത്തകരായ ഭരതനും എല്‍ദോയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കച്ചവടം നടത്തുന്നതിനായി ഭരതന്‍ ഫൈസലില്‍ നിന്ന് 45,000 റിയാല്‍ കടം വാങ്ങിയിരുന്നു. നാട്ടില്‍ പോകുന്നതിന് മുമ്പ് പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എല്‍ദോയുടെ സഹായത്തോടെ ഒരു ദിവസം മുഴുവനും ഫൈസലിനെ താമസ സ്ഥലത്ത് കെട്ടിയിട്ട് വായില്‍ ടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ച് കൊന്നശേഷം അടുക്കളയില്‍ തള്ളുകയായിരുന്നു.
സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയ സംഭവത്തില്‍ സംശയം ഉണ്ടെന്നു കാട്ടി ഫൈസലിന്‍െറ സുഹൃത്ത് മഹ്മൂദ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് ഭരതനേയും എല്‍ദോയേയും കുരുക്കിയത്.
രണ്ടു ദിവസത്തെ പീഡനത്തിന് ശേഷം നടത്തിയ കൊലപാതകത്തിന്‍െറ ക്രൂരത കണക്കിലെടുത്താണ് ഭരതന് വധശിക്ഷ വിധിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഭരതനാണ്. സംഭവം മൂടിവെച്ചതിനും കൊല നടത്തുന്നതിന് സാഹചര്യം ഒരുക്കി കൊടുത്തതിനും ആണ് എല്‍ദോ വര്‍ഗീസിന് ശിക്ഷ വിധിച്ചത്. കൊല്ലപ്പെടുമ്പോള്‍ ഫൈസലിന്‍െറ ഇരട്ട കുട്ടികള്‍ക്ക് രണ്ടുവയസ്സ് മാത്രമായിരുന്നു പ്രായം. നേരത്തെ വിധിച്ച അഞ്ചു വര്‍ഷം കൂടാതെ അഞ്ചു വര്‍ഷത്തെ അധിക തടവ് കൂടി എല്‍ദോ അനുഭവിക്കണം.
പരിഭാഷകരായി ജുബൈലിലെ സാമൂഹിക പ്രവര്‍ത്തകരായ അബ്ദുല്‍ കരീം കാസിമിയും അബ്ദുല്‍ ഖാദര്‍ ബാഖവിയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.