കാണാതായ ആന്ധ്ര സ്വദേശിയുടെ  മൃതദേഹം മോര്‍ച്ചറിയില്‍ കണ്ടത്തെി

റിയാദ്: ജൂലൈ 23ന് വാഹനമടക്കം കാണാതായ ആന്ധ്ര സ്വദേശിയുടെ മൃതദേഹം മൂന്നാഴ്ചക്ക് ശേഷം ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടത്തെി. 250 കിലോമീറ്ററകലെ സാജിറില്‍ നിന്ന് റിയാദിലേക്കുള്ള യാത്രാ മധ്യേ കാണാതായ വഹീദ് ഖാന്‍െറ മൃതദേഹം റിയാദ് ബദീഅയിലെ കിങ് സല്‍മാന്‍ ആശുപത്രിയിലാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച സാജിറില്‍ എത്തിച്ച് ഖബറടക്കുകയും ചെയ്തു. ഇയാള്‍ ഓടിച്ച വാഹനം മറിഞ്ഞാണ് മരണം. വര്‍ഷങ്ങളായി സാജിറിലുള്ള വഹീദ് ഖാന്‍ അവിടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ റിയാദില്‍ നിന്ന് എത്തിച്ചു കൊടുക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഒന്നിട വിട്ട ദിവസങ്ങളില്‍ റിയാദില്‍ വന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചുപോകുന്നതായിരുന്നു പതിവ്. ജൂലൈ 23ന് രാവിലെ 11ഓടെ സാജിറില്‍ നിന്ന് തന്‍െറ പിക്കപ്പ് വാനുമായി പുറപ്പെട്ട ഇദ്ദേഹത്തെ കുറിച്ച് പിന്നീടൊരു വിവരവുമില്ലാതാവുകയായിരുന്നു. സാധനങ്ങള്‍ വാങ്ങുന്നതിനാവശ്യമായ പണം വിവിധ കടകളില്‍ നിന്ന് കൊടുത്തതും കൈയ്യിലുണ്ടായിരുന്നു. വൈകീട്ട് നാലിന് സുഹൃത്ത് സാജിറില്‍ നിന്ന് വിളിച്ചപ്പോള്‍ മറ്റാരോ ആണ് ഫോണ്‍ എടുത്തത്. അറബിയില്‍ വഹീദല്ളെന്ന് പറഞ്ഞ് കട്ട് ചെയ്തു. അപ്പോള്‍ മുതല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായി. സ്വിച്ച് ഓഫ് എന്ന സന്ദേശമാണ് ലഭിച്ചത്. പിറ്റേന്നും മടങ്ങിവരാതായതോടെ സ്പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കി. സാജിറില്‍ തന്നെ സഹോദരന്‍ ഉബൈദും ബന്ധു ഹാഫിസും കൂടി റിയാദിലത്തെി വഹീദ് ഖാന്‍ പതിവായി വരാറുള്ള മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ അന്വേഷിച്ചപ്പോള്‍ അവിടെയും എത്തിയിട്ടില്ളെന്ന വിവരമാണ് കിട്ടിയത്. പൊലീസിലെ സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ സാജിറിനും റിയാദിനും മധ്യേയുള്ള മറാത്തിലെ സിഗ്നല്‍ ടവറിന്‍െറ പരിധിയില്‍ വെച്ചാണ് മൊബൈല്‍ സ്വിച്ച് ഓഫായതെന്ന് മനസിലായി. കാണാതായ വിവരം ‘ഗള്‍ഫ് മാധ്യമ’വും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയില്‍ ബദീഅയിലെ ആശുപത്രിയില്‍ ഉണ്ടെന്ന് ആരോ ബന്ധുക്കളെ വിളിച്ചുപറഞ്ഞു. എന്നാല്‍ കൃത്യമായ വിവരം ലഭിച്ചില്ല. അഞ്ചു ദിവസം മുമ്പാണ് സാജിര്‍ പൊലീസ് ഇക്കാര്യം ഒൗദ്യോഗികമായി ബന്ധുക്കളെ അറിയിച്ചത്. റിയാദ് പൊലീസില്‍ നിന്ന് കിട്ടിയ വിവരമാണ് അവര്‍ നല്‍കിയത്. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയായിരുന്നു. വാഹനം റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വാഹീദ് ഖാനെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലത്തെുമ്പോള്‍ ബോധമുണ്ടായിരുന്നെങ്കിലും പിറ്റേന്ന് നഷ്ടപ്പെട്ടു. അഞ്ചാം ദിവസം മരണം സംഭവിക്കുകയും ചെയ്തു. റിയാദിലെയും സാജിറിലേയും സാമൂഹിക പ്രവര്‍ത്തകരായ നാസര്‍ പിനാക്കീല്‍, മധുസൂദനന്‍, തെന്നല മൊയ്തീന്‍കുട്ടി എന്നിവരുടെ ശ്രമഫലമായാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.