ജിദ്ദ: ശമ്പളവും ആനുകൂല്യവും മുടങ്ങിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സൗദി ഓജര്‍ കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളെ തേടി 50 ഓളം കമ്പനികള്‍ വന്നെങ്കിലും വേതനവും ആനുകൂല്യങ്ങളും കുറവായതിനാല്‍ തൊഴില്‍മാറല്‍ നടപടിയോട് തണുത്ത പ്രതികരണം. ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്‍കൈയെടുത്ത് അഭിമുഖങ്ങള്‍ക്കു അവസരമൊരുക്കുന്നുണ്ട്. പക്ഷെ നാമമാത്രമായ ശമ്പളമാണ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഏറ്റവുമൊടുവില്‍ അധികൃതര്‍ നല്‍കുന്ന കണക്ക് പ്രകാരം 7700 ഇന്ത്യന്‍ തൊഴിലാളികളെയാണ് പ്രതിസന്ധി ബാധിച്ചത്. ഇതില്‍ 500 ഓളം മലയാളികളുണ്ട്. അപൂര്‍വം മലയാളികളെ തൊഴില്‍മാറ്റത്തിന് തയാറെടുക്കുന്നുള്ളൂ. പരമാവധി 1000 റിയാല്‍ ശമ്പളമാണ് മിക്ക കമ്പനികളും വാഗ്ദാനം ചെയ്യുന്നത്. ശമ്പളവും ഓവര്‍ ടൈം അലവന്‍സും മറ്റ് ആനുകൂല്യങ്ങളുമുള്‍പെടെ ശരാശരി 3000 റിയാല്‍ വാങ്ങിയവരാണ് സൗദി ഓജറിലെ തൊഴിലാളികള്‍. മികച്ച താമസ സൗകര്യവും ഭക്ഷണവുമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. സൗദി ഓജര്‍ കമ്പനിയില്‍ തന്നെ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നവരേറെയുണ്ട്. ചുരുങ്ങിയ വേതനത്തിന് തൊഴില്‍ മാറുന്നതിനേക്കാള്‍ ഭേദം ആനുകുല്യങ്ങള്‍ വാങ്ങി നാട്ടിലേക്ക് തിരിക്കുന്നതാണെന്ന് തൊഴിലാളികള്‍ പറയുന്നു. സല്‍മാന്‍ രാജാവിന്‍െറ നിര്‍ദേശം വന്നതോടെ തൊഴിലാളികളുടെ ശമ്പളക്കുടിശ്ശിക ഉള്‍പെടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് സൗദി തൊഴില്‍ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് തൊഴിലാളികള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. അതിനിടെ നിര്‍മാണമേഖലയിലെ തൊഴിലാളികളോട് ജോലിക്ക് ഹാജരാവാന്‍ സൗദി ഓജര്‍ കമ്പനി ആവശ്യപ്പെട്ടു. ജോലിക്ക് ഹാജരാവാത്തവരെ പിരിച്ചു വിടുമെന്നാണ് അറിയിപ്പ്. കമ്പനിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നില്ളെങ്കിലും ഫോര്‍മാന്‍ വഴിയാണ് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയത്. മെയിന്‍റനന്‍സ് വിഭാഗത്തിലെ തൊഴിലാളികള്‍ ഇപ്പോഴും ജോലിക്ക് ഹാജരാവുന്നുണ്ട്. അവര്‍ക്ക് ഭാഗികമായി ശമ്പളവും ലഭിക്കുന്നുണ്ട്. അതിനിടെ മലയാളികളായ തൊഴിലാളികള്‍ കേരള സര്‍ക്കാറിന് നല്‍കിയ നിവേദനം അവഗണിച്ചു എന്ന പരാതി തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 414 തൊഴിലാളികള്‍ ചേര്‍ന്ന് നല്‍കിയ പരാതിക്ക് തണുത്ത മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് മലയാളി തൊഴിലാളികള്‍ പറയുന്നു. മാസങ്ങളായി തൊഴിലാളികള്‍ വീട്ടിലേക്ക് പണമയച്ചിട്ട്. അടിയന്തരസാമ്പത്തിക സഹായം കേരള സര്‍ക്കാര്‍ വക നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.