കാറ്ററിങ് മേഖലയിലും സ്വദേശിവത്കരണം: 5000 സൗദി വനിതകള്‍ക്ക് തൊഴില്‍ നല്‍കും 

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന ഊര്‍ജിത സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി എയര്‍ലൈന്‍ കാറ്ററിങ് മേഖലയില്‍ സ്വദേശി വനിതകള്‍ക്ക് 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സൗദി എയര്‍ലൈന്‍സിന്‍െറ കാറ്ററിങ് വിഭാഗവുമായി സഹകരിച്ച് സ്വദേശി വനിതകള്‍ക്ക് ഇണങ്ങിയ തൊഴിലുകളിലാണ് നിയമനം നല്‍കുക. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് (ഹദഫ്), തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) എന്നിവയും വനിത സ്വദേശിവത്കരണ സംരംഭത്തില്‍ സഹകരിക്കും. വനിതകള്‍ക്ക് യോജിച്ച തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തിയ ശേഷമാണ് നിയമനം ആരംഭിക്കുക. വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ ശതമാനം കുറക്കുക എന്നതാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 
രണ്ടാം കിരീടാവകാശി പ്രഖ്യാപിച്ച സൗദി വിഷന്‍ 2030യുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിരിക്കും കാറ്ററിങ് മേഖലയിലെ സ്വദേശിവത്കരണം. സൗദിക്കകത്തോ പുറത്തോ ആവശ്യമായ തൊഴില്‍ പരിശീലനം, ജോലയില്‍ തുടര്‍ന്നുകൊണ്ടുള്ള ശമ്പളത്തോടുകൂടിയ പരിശീലനം, സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം, മന്ത്രാലത്തിന്‍െറ നടപടികളില്‍ ലഘൂകരണം എന്നീ ആനുകൂല്യങ്ങള്‍ കാറ്ററിങ് മേഖലയിലെ സ്വദേശിവത്കരണത്തിലും അവലംബിക്കും. 
അഡ്മിനിസ്ട്രേഷന്‍ ജോലികള്‍ക്ക് പുറമെ ഭക്ഷ്യസുരക്ഷ, ആരോഗ്യം, മാര്‍ക്കറ്റിങ്, വിപണനം, ഓപറേഷന്‍, തുടങ്ങിയ മേഖലയില്‍ സ്വദേശിവനിതകളെ നിയമിക്കാനാണ് തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചുള്ള പദ്ധതിയില്‍ ഉദ്ദേശിക്കുന്നതെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.