കയറ്റി വിട്ടാല്‍ പോരാ; ആനുകൂല്യങ്ങള്‍ വാങ്ങിത്തരണമെന്ന് തൊഴിലാളികള്‍

ജിദ്ദ: തങ്ങളെ വിമാനം കയറ്റി നാട്ടിലേക്ക് വിട്ടാല്‍ പോരെന്നും ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും സൗദി ഓജര്‍ ലേബര്‍ ക്യാമ്പിലെ ഇന്ത്യന്‍ തൊഴിലാളികള്‍. വര്‍ഷങ്ങളായി കമ്പനിയില്‍ ജോലിനോക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് റിയാല്‍ ശമ്പള ഇനത്തിലും മറ്റും ലഭിക്കാനുണ്ട്. അത് എപ്പോള്‍ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല.

കമ്പനിയില്‍നിന്ന് രാജിവെച്ചിട്ടും നാട്ടില്‍ പോകാതെ ആനുകൂല്യങ്ങള്‍ കിട്ടാന്‍വേണ്ടി കാത്തിരിക്കുന്നവര്‍ ഏറെയുണ്ടെന്ന് തൊഴിലാളികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  പ്രമുഖ നിര്‍മാണക്കമ്പനിയായ സൗദി ഓജറിലെ  ഒരു വിഭാഗം തൊഴിലാളികളാണ്  ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തില്‍ കഴിയുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ 55,000ത്തോളം തൊഴിലാളികളാണ്  നിലവില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 40 ശതമാനത്തോളം ഇന്ത്യക്കാരുണ്ട്. 17 ശതമാനം മലയാളികളാണ്. ടെക്നിക്കല്‍ മേഖലയിലാണ് മലയാളികള്‍ ഏറെ ജോലി ചെയ്യുന്നത്. തൊഴിലാളികളില്‍ ഒരു വിഭാഗത്തിന്  മാസങ്ങളായി ശമ്പളം മുടങ്ങിയിട്ട്. ഇതില്‍ എട്ടു മാസം വരെ ശമ്പളം ലഭിക്കാത്തവരുണ്ട്. ഒരാഴ്ച മുമ്പ് കമ്പനി മെസ് അടച്ചുപൂട്ടിയതോടെയാണ്  പ്രശ്നം വഷളായത്. സന്നദ്ധസംഘടനകളും കോണ്‍സുലേറ്റും സഹകരിച്ച് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്. പക്ഷേ, അത് പരിമിതമാണ്. തൊഴിലാളികളുടെ പ്രതിഷേധം ഉയരാന്‍ തുടങ്ങിയതോടെ  ക്യാമ്പുകളിലെ  അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകള്‍ അടച്ചിരിക്കയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നേരത്തേതന്നെ പരാതി നല്‍കിയിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു.

ഫിലിപ്പീന്‍സ് തൊഴിലാളികളുടെ വിഷയത്തില്‍ എംബസി ഇടപെട്ട് 1658 റിയാല്‍ വീതം തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. 500 റിയാല്‍ വീതം കുടുംബത്തിലേക്കയക്കാനും ഫിലിപ്പീന്‍ എംബസി നല്‍കുന്നു. മറ്റു രാജ്യക്കാരും ഭക്ഷണമുള്‍പ്പെടെയുള്ള വസ്തുക്കള്‍ എത്തിക്കുന്നുണ്ട്.
ശമ്പളപ്രശ്നം പരിഹരിക്കുമെന്നുതന്നെയാണ് ഇപ്പോഴും കമ്പനി പറയുന്നത്.   ഇഖാമ, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ പുതുക്കാന്‍ കഴിയാതെ  നിരവധി പേര്‍ ക്യാമ്പിലുണ്ട്. ജിദ്ദ എയര്‍പോര്‍ട്ടിന് സമീപത്തെ ഹൈവേ ക്യാമ്പിലെ വൈദ്യുതി കഴിഞ്ഞ ദിവസം മുട
ങ്ങിയിരുന്നു.

വി.കെ. സിങ്  ഇന്നത്തെും
ന്യൂഡല്‍ഹി: തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍ ദുരിതത്തിലായ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ചൊവ്വാഴ്ച റിയാദിലത്തെും. സൗദി അധികാരികളുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ തൊഴിലാളികളുടെ തിരിച്ചുവരവിനും ശമ്പള കുടിശ്ശിക ലഭിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് മന്ത്രി വി.കെ. സിങ് നേതൃത്വം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയില്‍ പറഞ്ഞു.

പ്രശ്നത്തില്‍ ഞാന്‍ നേരിട്ട് ഇടപെട്ട് നിരന്തരം പുരോഗതി വിലയിരുത്തുന്നുണ്ട്. ദുരിതത്തിലായവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ നടപടിയായിട്ടുണ്ട്. തൊഴില്‍ പ്രശ്നം നിലനില്‍ക്കുന്ന എല്ലാ ലേബര്‍ ക്യാമ്പുകളിലും 10 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍  എത്തിച്ചിട്ടുണ്ട്.  ഒരു ഇന്ത്യക്കാരന്‍ പോലും സൗദിയില്‍ പട്ടിണി കിടക്കേണ്ടി വരില്ല. ലോക്സഭയിലും രാജ്യസഭയിലും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വിഷയം ഉന്നയിച്ചതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം എത്തിച്ചത് കൊണ്ടു മാത്രം പ്രശ്നപരിഹാരമാകുന്നില്ളെന്ന് മന്ത്രി സുഷമ തുടര്‍ന്നു. ഇന്ത്യക്കാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ പൂട്ടി കമ്പനി ഉടമകള്‍ മുങ്ങിയിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക കിട്ടാനുണ്ട്.  കമ്പനിക്ക് സൗദി സര്‍ക്കാര്‍ നല്‍കേണ്ട തുകയില്‍ നിന്ന്  തുക പിടിച്ചെടുത്ത് തൊഴിലാളികളുടെ കുടിശ്ശിക തീര്‍ക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.