സൗദി അറേബ്യ വിദേശ റിക്രൂട്ട്മെന്‍റ് നിയന്ത്രിക്കുന്നു

സ്വന്തം ലേഖകന്‍ ജിദ്ദ: വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റിന് കടുത്ത നിയന്ത്രണവുമായി സൗദി തൊഴില്‍ മന്ത്രാലയം. സ്വദേശികളിലെ തൊഴിലില്ലായ്മ പൂര്‍ണമായി ഇല്ലാതാക്കാനാണ് മന്ത്രാലയത്തിന്‍െറ നടപടി. ഇതിനായി തൊഴില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്‍റ് പരമാവധി കുറയ്ക്കുകയും സ്വദേശിവത്കരണത്തെ പോഷിപ്പിക്കുകയുമാണ് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി അവതരിപ്പിച്ച ചട്ടഭേദഗതിയുടെ ലക്ഷ്യം. അതിനൊപ്പം ടെലികോം മേഖലയിലും മറ്റുമുള്ള ബിനാമി കച്ചവടത്തിനെതിരെ വാണിജ്യ മന്ത്രാലയവും നിലപാട് കടുപ്പിച്ചിട്ടുണ്ട്്. ഇത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ സ്വദേശികളായാലും വിദേശികളായാലും രണ്ടുവര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും അടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.

ഇതിനിടെ, രാജ്യത്തെ വിദേശ ജോലിക്കാര്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതും ശൂറ കൗണ്‍സിലിന്‍െറ പരിഗണനയിലാണ്. ശൂറ കൗണ്‍സില്‍ ജനറല്‍ അതോറിറ്റിയാണ് ഈ വിഷയം പഠിച്ച് അംഗങ്ങളുടെ ചര്‍ച്ചക്കും വോട്ടിങ്ങിനും വിടാന്‍ ശൂറ കൗണ്‍സിലിനോട് അഭ്യര്‍ഥിച്ചത്. ഇനി പറയുന്നവയാണ് തൊഴില്‍ ചട്ടങ്ങളിലുണ്ടായ ദേഭഗതികള്‍: അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടത്തൊന്‍ സ്വദേശി തൊഴിലന്വേഷകരെ സഹായിക്കുക, യോഗ്യരായ ജീവനക്കാരെ കണ്ടത്തൊന്‍ തൊഴില്‍ ദാതാക്കളെ  സഹായിക്കുക, തൊഴിലന്വേഷകരുടെ രജിസ്ട്രേഷന് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് സംവിധാനം, തൊഴില്‍ വിപണിയുടെ സമ്പൂര്‍ണ വിവര ശേഖരണവും പഠനവും, ഇവ രാജ്യത്തിന്‍െറ സാമൂഹിക-സാമ്പത്തിക ആസൂത്രണത്തിന് ഉപയോഗപ്പെടുത്തല്‍, തൊഴില്‍ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെക്കുറിച്ചുള്ള വിവര ശേഖരണം, ആവശ്യത്തിനനുസരിച്ച് തൊഴിലാളികളെ വിതരണം ചെയ്യാനുള്ള സംവിധാനവുമൊരുക്കല്‍, തൊഴില്‍ പരിശീലനം നല്‍കല്‍. തൊഴില്‍ ചെയ്യാന്‍ പ്രായമത്തെിയ എല്ലാ സ്വദേശികളും പേരുവിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവും അടക്കം എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്യണം.

രാജ്യത്തെ മുഴുവന്‍ തൊഴില്‍ സ്ഥാപനങ്ങളും തൊഴില്‍ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യണം. തസ്്തിക, ശമ്പളം, ആവശ്യമായ യോഗ്യത, മറ്റ് നിബന്ധനകള്‍, ജോലി സ്ഥലം തുടങ്ങിയ എല്ലാ വിവരങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ടാണ് മന്ത്രാലയത്തിന് നല്‍കേണ്ടത്. ഒഴിവുണ്ടായി 15  ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് കര്‍ശന വ്യവസ്ഥ. സ്വദേശികളുമായി മത്സരമുണ്ടാകാന്‍ ഇടയുള്ള തസ്തികകളില്‍ വിദേശികളെ അനുവദിക്കാതിരിക്കുക, സ്വദേശി ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കാന്‍ തൊഴില്‍ ദാതാവിന് കഴിയുന്നില്ളെങ്കില്‍ അത് വിദേശികളെ തേടുന്നതിനുള്ള കാരണമായി മുന്നോട്ട് വെക്കാതിരിക്കുക, ആവശ്യമായ സ്വദേശിവത്കരണ തോത് നടപ്പാക്കുക തുടങ്ങിയവയും പുതിയ ഭേദഗതിയിലെ പ്രധാന നിബന്ധനകളാണ്. സ്വദേശി പൗരന്മാര്‍ക്കിടയില്‍ തൊഴില്‍ രഹിതനായി ഒരാളെങ്കിലും അവശേഷിക്കുന്ന സാഹചര്യം അനുവദിക്കില്ളെന്ന നിലപാടിലാണ് മന്ത്രാലയം. എന്നാല്‍ പരിമിതമായ തോതില്‍ വിദേശികളെ നിയമാനുസൃതരായി ജോലികളില്‍ തുടരാന്‍ അനുവദിക്കും. മന്ത്രാലയത്തിന് കീഴില്‍ വിവിധ സ്ഥലങ്ങളില്‍ തൊഴില്‍ നിയമന യൂനിറ്റുകള്‍ ആരംഭിക്കും. മാനവ വിഭവശേഷി വികസന നിധിയായ ‘ഹദഫാ’ണ് ഇതിനുള്ള ചെലവ് വഹിക്കുന്നത്. വിദേശ റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെച്ച് ആഭ്യന്തരതലത്തില്‍ ലഭ്യമായ വിദേശി മാനവ വിഭവ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.