സൗദി സമ്പദ്ഘടനയില്‍ വന്‍  പൊളിച്ചെഴുത്ത്; പ്രഖ്യാപനം 25 ന്

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക നയങ്ങളില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന പ്രഖ്യാപനങ്ങള്‍ ഈമാസം 25 ന് ഉണ്ടാകുമെന്ന് രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. എണ്ണ അനന്തര കാലത്തെ ധനകാര്യനയങ്ങള്‍ എങ്ങനെയായിരിക്കണമെന്ന സമഗ്ര പദ്ധതികളാണ് തയാറാകുന്നതെന്നാണ് സൂചനകള്‍. രാജ്യത്തിന്‍െറ വികസനം, സാമ്പത്തികം, സാമൂഹികം തുടങ്ങി സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്നതായിരിക്കും പുതിയ നയം. 
ഇതിന്‍െറ ഭാഗമായ ദേശീയ പരിവര്‍ത്തന പദ്ധതി (എന്‍.ടി.പി) ഒന്നര മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നും ബ്ളൂംബര്‍ഗ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമീര്‍ മുഹമ്മദ് വ്യക്തമാക്കി. 
ആസ്തി വില്‍പന, നികുതി പരിഷ്കാരം, ചെലവുചുരുക്കല്‍, സാമ്പത്തിക സ്രോതസുകളുടെ വിനിയോഗത്തിലുള്ള അഴിച്ചുപണി, കാര്യക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവയൊക്കെ എന്‍.ടി.പിയുടെ ലക്ഷ്യങ്ങളാണ്. എണ്ണ കമ്പനി എന്ന നിലയില്‍ നിന്ന് സൗദി അരാംകോയെ ഊര്‍ജ, വ്യവസായ സമുച്ചയമാക്കി ഉയര്‍ത്താനുള്ള വിപുലമായ പദ്ധതിയാണ് ഇതില്‍ ഏറെ ശ്രദ്ധേയം. സ്വകാര്യമേഖലക്ക് രാജ്യത്തിന്‍െറ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാനും ആലോചനയുണ്ട്. 
എണ്ണ അനന്തരകാലത്തെ പദ്ധതികള്‍ക്കായി രണ്ടുടില്ല്യന്‍ ഡോളറിന്‍െറ പബ്ളിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് സ്വരൂപിക്കാന്‍ പദ്ധതിയുണ്ടെന്ന് അമീര്‍ മുഹമ്മദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.