വിദേശ രാജ്യക്കാരുടെ ലെവി മാസം 1000  റിയാലാക്കണമെന്ന് തൊഴില്‍ മന്ത്രാലയം

ജിദ്ദ: സൗദിയിലെ തൊഴിലില്ലായ്മ നിര്‍മാര്‍ജനം ചെയ്യുന്നതിന്‍െറ ഭാഗമായി വിദേശ ജീവനക്കാരുടെ ലെവി മാസം 1000 റിയാലാക്കി വര്‍ധിപ്പിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ശൂറ കൗണിസിലിനോട് നിര്‍ദേശിച്ചു. നിലവില്‍ മാസം 200 വീതം ഓരോ വിദേശി ജീവനക്കാരനും 2400 റിയാലാണ് വര്‍ഷം നല്‍കുന്നത്. ഇതാണ് ആയിരം റിയാലാക്കി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ പ്രതിവര്‍ഷം 12000 റിയാലായി ലെവി ഉയരും. തൊഴിലില്ലായ്മ നിര്‍മാര്‍ജനം ചെയ്യുന്നതിനെക്കുറിച്ച് പഠിക്കുന്ന പ്രത്യേക കമ്മിറ്റിയോട് ഉന്നയിച്ച ചോദ്യത്തിന്  തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ അഫയേഴ്സ് ഏജന്‍സി നല്‍കിയ മറുപടിയിലാണ് നിര്‍ദ്ദേശം ഉന്നയിക്കപ്പെട്ടത്. തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട പദ്ധതി രൂപപ്പെടുത്തുന്നതിന് മതിയായ ഫണ്ട് സര്‍ക്കാര്‍ വിഭാഗത്തില്‍ നിന്ന് തന്നെ കണ്ടത്തെണമെന്നാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്. സ്വദേശിവത്കരണ പദ്ധതി ശക്തിപ്പെടുത്തുകയും വിപണി ക്രമീകരിക്കുകയും ചെയ്യുന്നതിന് ക്രമേണ വിദേശ ജീവനക്കാരുടെ ബാധ്യത വര്‍ധിപ്പിക്കുന്നതിന്‍െറ പ്രാധാന്യം തൊഴില്‍ മന്ത്രാലയംശൂറയെ ബോധിപ്പിച്ചു. വിദേശികള്‍ക്ക് 2400 റിയാല്‍ ലെവി ഏര്‍പ്പെടുത്തിയത് വിജയം കണ്ട സാഹചര്യവും മന്ത്രാലയം വിലയിരുത്തി. ഇത് സ്വകാര്യ മേഖലയില്‍ വിദേശ ജീവനക്കാരുടെ റിക്രൂട്ട്മെന്‍റ് പരിമിതപ്പെടുത്താനും ചെലവ് കുറക്കുന്നതിന്‍െറ ഭാഗമായി സ്ഥാപനങ്ങള്‍ വിദേശ ജീവനക്കാരെ കുറക്കാനും കാരണമായി. അതോടൊപ്പം വിദേശ ജീവനക്കാര്‍ 2400 വാര്‍ഷിക ലെവി ചുമത്താനുള്ള തീരുമാനം സൗദി മാനവ വിഭവ ശേഷി വകുപ്പില്‍ ഫണ്ട് സമാഹരിക്കാനും വിദേശി ജീവനക്കാരനേക്കാള്‍ സ്വദേശിക്ക് പ്രാമുഖ്യം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന കാര്യത്തില്‍ വലിയ അളവില്‍ വിജയം കണ്ടതായും തൊഴില്‍ മന്ത്രാലയം  വ്യക്തമാക്കി. വിദേശ ജീവനക്കാരുടെമേല്‍ ലെവി ചുമത്തുന്ന രീതി തുടരുന്നത് തൊഴില്‍ വിപണിയുടെ വിജയത്തിന് അനിവാര്യമാണെന്ന് മന്ത്രാലയം കരുതുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.