റിയാദ്: അടിയന്തര വൈദ്യസഹായ രംഗത്ത് നിർണായക നേട്ടവുമായി സൗദി റെഡ് ക്രസൻറ് അതോറിറ്റി. റിയാദ് നഗരത്തിന് വടക്ക് മൽഹമിലെ ഒരു ഫാക്ടറിയിൽ ബോധരഹിതനായി വീണ രോഗിയെ എയർ ആംബുലൻസ് വഴി റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ എത്തിച്ചു. പുതുതായി ആരംഭിച്ച ‘കാർഡിയാക് സ്ട്രോക്ക് പാത്ത്‌വേ’ വഴിയുള്ള ആദ്യത്തെ എയർ ആംബുലൻസ് ദൗത്യമാണിത്.
മൽഹമിലെ ഫാക്ടറിയിൽ നിന്ന് ലഭിച്ച സന്ദേശത്തെത്തുടർന്ന് മിനിറ്റുകൾക്കകം റെഡ് ക്രസൻറ് സംഘം സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ രോഗിക്ക് ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് മെഡിക്കൽ കൺട്രോൾ വിഭാഗം അംഗീകൃത പ്രോട്ടോക്കോളുകൾ അനുസരിച്ച് ഉടൻ തന്നെ പ്രത്യേക ചികിത്സാ പാതയായ ‘കാർഡിയാക് സ്ട്രോക്ക് പാത്ത്‌വേ’ സജീവമാക്കി.
രോഗിയുടെ നില അതീവ ഗുരുതരമായതിനാലും ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്കുള്ള ദൂരം കണക്കിലെടുത്തും എയർ ആംബുലൻസിെൻറ സഹായം തേടുകയായിരുന്നു. ഗ്രൗണ്ട് ആംബുലൻസ് സംഘവും എയർ ആംബുലൻസ് വിഭാഗവും തമ്മിലുള്ള കൃത്യമായ ഏകോപനത്തിലൂടെ രോഗിയെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് അതിവേഗം മാറ്റി.
ഈ സംവിധാനം വഴി എത്തുന്ന രോഗികളെ എമർജൻസി വാർഡിലെ സാധാരണ നടപടിക്രമങ്ങളിലൂടെ കടന്നുപോകാതെ നേരിട്ട് ‘കാർഡിയാക് കത്തീറ്ററൈസേഷൻ ലാബിലേക്ക്’ പ്രവേശിപ്പിക്കാൻ സാധിക്കും. ഇത് ചികിത്സാ സമയം ലാഭിക്കാനും രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത വർധിപ്പിക്കാനും സഹായിക്കുന്നു.
റിയാദ് സെക്കൻഡ് ഹെൽത്ത് ക്ലസ്റ്ററുമായി സഹകരിച്ച് അടുത്തിടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ എയർ ആംബുലൻസ് നീക്കമാണിതെന്ന് അതോറിറ്റി അറിയിച്ചു. ഇത്തരം സ്പെഷ്യലൈസ്ഡ് മെഡിക്കൽ പാതകൾ സജ്ജമാക്കുന്നത് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് റെഡ് ക്രസൻറ് വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 997 എന്ന നമ്പറിലോ, ‘Asaefny’ ആപ്പ് വഴിയോ ബന്ധപ്പെടണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.