ഭവന നിര്‍മാണത്തിന് മുന്‍ഗണന നല്‍കണം –സല്‍മാന്‍ രാജാവ് 

റിയാദ്: ഭവന നിര്‍മാണത്തിന് മുന്‍ഗണന നല്‍കണമെന്നും മുന്തിയ പരിഗണനയാണ് ഈ വിഷയത്തിന് താന്‍ നല്‍കുന്നതെന്നും സല്‍മാന്‍ രാജാവ്. ഭവന നിര്‍മാണ മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ഹുഖൈലുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും യമാമ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭവന നിര്‍മാണ മേഖലയില്‍ അടുത്തിടെയുണ്ടായ നിയമ നിര്‍മാണങ്ങളും മന്ത്രിസഭ തീരുമാനങ്ങളും ഭീമമായ തുക ബജറ്റില്‍ വകയിരുത്തിയതും ഭരണകൂടം ഈ വിഷയത്തിന് നല്‍കുന്ന പ്രധാന്യമാണ് വ്യക്തമാക്കുന്നത്. എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ നയം. അതിനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ഭവന നിര്‍മാണ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന മന്ത്രാലയത്തെയും ഉദ്യോഗസ്ഥരെയും രാജാവ് അഭിനന്ദിച്ചു. പൗരന്മാര്‍ക്ക് എല്ലാവര്‍ക്കും താമസിക്കാന്‍ അനുയോജ്യമായ വീടുണ്ടാവണം. സമീകൃതമായ വികസനമാണ് രാജ്യത്തിന്‍െറ വിവിധ മേഖലകളിലുമുണ്ടാവേണ്ടത്. ഭവന നിര്‍മാണ രംഗത്ത് നിക്ഷേപമിറക്കുന്നതിന് സ്വകാര്യ മേഖലക്ക് ആവശ്യമായ പ്രോത്സാഹനം ഭരണകൂടം നല്‍കും. മഹത്തായ ലക്ഷ്യത്തില്‍ പങ്കാളികളാവുകയാണ് ഈ മേഖലയില്‍ നിക്ഷേപിക്കുന്നവര്‍ ചെയ്യുന്നത്. ഭൂമി കൈവശമുള്ളവര്‍ നിക്ഷേപത്തില്‍ പങ്കാളികളായാല്‍ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഹരിക്കാനാവുമെന്നും ഇത്തരം ശ്രമങ്ങളുണ്ടാവണമെന്നും സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.