മക്ക അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്കും സ്ഥിരവൈകല്യമുള്ളവര്‍ക്കും 10 ലക്ഷം റിയാല്‍

ജിദ്ദ: മക്ക ഹറമിലെ ക്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവരില്‍ സ്ഥിരം വൈകല്യത്തിനിരയായവര്‍ക്കും 10 ലക്ഷം റിയാല്‍ (ഒന്നേമുക്കാല്‍ കോടിയിലേറെ ഇന്ത്യന്‍ രൂപ) വീതം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ നിര്‍ദേശം. പരിക്കേറ്റ മറ്റുള്ളവര്‍ക്കെല്ലാം അഞ്ചുലക്ഷം റിയാല്‍ വീതം നല്‍കാനും ഉത്തരവുണ്ട്. ഇതിനുപുറമെ അപകടത്തില്‍ രക്തസാക്ഷികളായ വിദേശികളുടെ കുടുംബത്തില്‍നിന്ന് രണ്ടുപേരെ അടുത്ത വര്‍ഷത്തെ ഹജ്ജിന് രാജാവ് അതിഥികളായി സ്വീകരിക്കും.
അപകടത്തില്‍ പരിക്കേറ്റതിനാല്‍ ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കാത്തവര്‍ക്കും അടുത്ത ഹജ്ജിന് രാജാവിന്‍െറ ആതിഥ്യം ലഭിക്കും. ചികിത്സക്കായി സൗദി അറേബ്യയില്‍ തങ്ങേണ്ടിവരുന്നവര്‍ക്ക് പ്രത്യേക സന്ദര്‍ശകവിസ അനുവദിക്കും.
സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് രാജവിജ്ഞാപനം പുറത്തിറങ്ങിയത്. ദുരന്തബാധിതരുടെ ബന്ധുക്കള്‍ക്ക് കേസുമായി മുന്നോട്ടുപോകാമെന്നും അതുവഴി നഷ്ടപരിഹാരം നേടിയെടുക്കുന്നതിന് തടസ്സമില്ളെന്നും വ്യക്തമാക്കിയിട്ടുണ്ട്.
111 പേരുടെ മരണത്തിനും 238 പേരുടെ പരിക്കിനും ഇടയാക്കിയ അപകടം ക്രിമിനല്‍ കുറ്റമായി കാണാനാവില്ളെന്നും ശക്തമായ കാറ്റുമൂലം ക്രെയിനുകള്‍ നിലംപൊത്തിയതാണെന്നും രാജവിജ്ഞാപനത്തില്‍ പറഞ്ഞു. എന്നാല്‍, ക്രെയിനുകള്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സ്ഥാപിച്ചതെന്ന് കണ്ടത്തെി. അതിനാല്‍ ബിന്‍ ലാദിന്‍ കമ്പനിയുടെ കരാര്‍ പ്രവൃത്തികള്‍ നിയമനടപടികള്‍ പൂര്‍ത്തിയാകുംവരെ നിര്‍ത്തിവെക്കാനും പുതിയ കരാറുകളില്‍നിന്ന് കമ്പനിയെ വിലക്കാനും രാജാവ് ഉത്തരവിട്ടു.
പ്രവൃത്തി നടക്കാത്ത സമയത്തും കാറ്റുണ്ടാകുമ്പോഴും ക്രെയിനിന്‍െറ തലഭാഗം താഴ്ത്തിവെക്കേണ്ടതായിരുന്നു. ഇങ്ങനെ ചെയ്യാതിരുന്നത് തെറ്റാണ്.  ഇക്കാര്യത്തില്‍ ബിന്‍ലാദിന്‍ കമ്പനിക്ക് പാളിച്ച പറ്റി. അതിനാല്‍ വിഷയം പ്രോസിക്യൂഷന് വിടാനും നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചു.
നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സൗദി ബിന്‍ലാദിന്‍ കമ്പനി ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും എന്‍ജിനീയര്‍ ബക്ര്‍ ബിന്‍ മുഹമ്മദ് ബിന്‍ലാദിന്‍, കമ്പനിയിലെ ഉയര്‍ന്ന എക്സിക്യുട്ടീവ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.