സൗദി സമ്പൂര്‍ണ സാക്ഷരതയിലേക്ക്; നിരക്ക് 96.79 ആയി

റിയാദ്: രാജ്യത്തെ സാക്ഷരതാ നിരക്ക് 96.79 ആയി ഉയര്‍ന്നതായും സമീപഭാവിയില്‍ രാജ്യം പൂര്‍ണസാക്ഷരത കൈവരിക്കുമെന്നും വിദ്യാഭ്യാസമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ബറാക്ക് പ്രസ്താവിച്ചു. ദൈവസഹായവും പിന്നെ സല്‍മാന്‍ രാജാവ് നയിക്കുന്ന സര്‍ക്കാറിന്‍െറ മികച്ച പ്രവര്‍ത്തനങ്ങളുമാണ് ഈ ലക്ഷ്യം നേടാന്‍ സഹായകമാവുകയെന്ന് അദ്ദേഹം പറഞ്ഞു. 1972 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ നിരക്ഷരരുടെ അനുപാതം 60 ശതമാനത്തിലേറെയായിരുന്നു. 43 വര്‍ഷത്തിനുശേഷം 2014 ല്‍ ഇത് 3.21 ശതമാനമായി താഴ്ന്നു. ഈ നിരക്ക് പൂജ്യത്തിലത്തെിക്കുകയാണ് ലക്ഷ്യം. അതിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. ഇതിന്‍െറ ഭാഗമായി ഈ വിദ്യാഭ്യാസ വര്‍ഷത്തിലെ രണ്ടാം ടേം മുതല്‍ നിരക്ഷരത നിര്‍മാര്‍ജനപദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. 
2015 ല്‍ ഈജിപ്തിലെ ശറമുശൈ്ശഖ് അറബ് ഉച്ചകോടിയുടെ തീരുമാനപ്രകാരമാണ് ഇത്. അറബ് നാടുകളിലെ നിരക്ഷരത നിര്‍മാര്‍ജനമാണ് പദ്ധതിയുടെ ലക്ഷ്യം. നിരക്ഷരത നിര്‍മാര്‍ജനത്തിന് ശക്തമായ നടപടികളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം അറിയിച്ചു. സെപ്റ്റംബര്‍ 8 ലോക സാക്ഷരത ദിനമായി ആചരിക്കുന്ന വേളയില്‍ സൗദിയും ഇതില്‍ സജീവമായി പങ്കുചേരുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സാക്ഷരത ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടത്താനും പരിപാടിയുണ്ട്. ലോകത്ത് പൊതുവിലും അറബ് നാടുകളില്‍ വിശേഷിച്ചും നിരക്ഷരത നിര്‍മാര്‍ജനത്തിനായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടും. രാജ്യത്തെ വയോജനങ്ങളെ സാക്ഷരരാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സര്‍ക്കാറിന്‍്റെ സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ നിരക്ഷര സമൂഹം പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാക്ഷരതാ ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ വിവിധ പരിപാടികള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പരിപാടികളില്‍ മാധ്യമ മേഖലയിലടക്കമുള്ള രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ അണിനിരത്താന്‍ ഉദ്ദേശിക്കുന്നതായും പ്രസ്താവനയില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.