നിതാഖാത്: തൊഴില്‍ പരിശോധന കര്‍ശനമാക്കാന്‍ ശൂറ നിര്‍ദേശം

റിയാദ്: തൊഴില്‍ പരിശോധന വ്യാപകമായും കര്‍ശനമായും നടത്തണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തോട് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. തൊഴില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച പരിശോധനയിലൂടെ മാത്രമേ രാഷ്ട്രം ലക്ഷ്യമാക്കുന്ന സ്വദേശിവത്കരണം ഉറപ്പുവരുത്താനാവൂ എന്ന് ശൂറയിലെ മാനവവിഭവശേഷി സമിതി അഭിപ്രായപ്പെട്ടു.
തൊഴില്‍ മന്ത്രാലയത്തിന്‍െറ ഏകവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണ് മാനവവിഭവശേഷി സമിതി സ്വകാര്യ സ്ഥാപനങ്ങളിലെ പരിശോധന കര്‍ശനമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. 15,74,504 തൊഴില്‍ വിസയും 62,152 സീസണ്‍ വിസയും ഒരു വര്‍ഷത്തില്‍ അനുവദിച്ചിട്ടും സ്വകാര്യമേഖലയില്‍ ആവശ്യമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസ ലഭിക്കുന്നില്ല എന്ന പരാതി ഈ രംഗത്ത് സുതാര്യത നിലനിര്‍ത്താനാവാത്തതിന്‍െറ ലക്ഷണമാണെന്ന് ശൂറ കൗണ്‍സില്‍ വിലയിരുത്തി. 
സ്വദേശിവത്കരണത്തിന്‍െറ തോത് പരിശോധിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിശോധകര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നതിന് പുറമെ സൗദി തൊഴില്‍ വിപണിയുടെ ഏകീകരിച്ച ഡാറ്റാബേസ് തയാറാക്കി ഇതില്‍ സ്വദേശികളുടെ കണക്ക് പരിശോധിക്കണമെന്നും ശൂറ നിര്‍ദേശിച്ചു. സ്വദേശിവത്കരണത്തില്‍ നിതാഖാത്ത് എത്രത്തോളം ഫലം ചെയ്തിട്ടുണ്ടെന്നും അവലോകനത്തിന് വിധേയമാക്കണം. 
തൊഴില്‍ വിപണിയില്‍ വിദേശികളോട് മത്സരിക്കാന്‍ സ്വദേശികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നും ശൂറ സമിതി നിര്‍ദേശിച്ചു.
വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് നിരക്ക് വര്‍ധിച്ചതിലും ജോലിക്കാര്‍ സൗദിയിലത്തൊന്‍ കാലതാമസം നേരിടുന്നതിലും സ്വദേശി പൗരന്മാര്‍ക്കുള്ള അതൃപ്തിയും ശൂറ കൗണ്‍സിലിലെ ഉപസമിതി ഗൗരവത്തോടെ വിലയിരുത്തി. അയല്‍ രാജ്യങ്ങളില്‍ നിന്നുപോലും വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ വിദൂരരാജ്യങ്ങളില്‍ നിന്ന്് റിക്രൂട്ട് ചെയ്യാനും യാത്ര ചെയ്യാനും ഈടാക്കുന്ന സംഖ്യ തന്നെ ഈടാക്കുന്നത് ന്യായീകരിക്കാനാവില്ല. റിക്രൂട്ടിങ് നിരക്ക് നിയന്ത്രിക്കണമെന്ന് ശൂറ കൗണ്‍സില്‍ ഇതിന് മുമ്പ് നിര്‍ദേശം നല്‍കയിരുന്നുവെന്നും ഉപസമിതി ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.