റിയാദ്: വലതുകൈ തോളറ്റം വെട്ടിമാറ്റിയ നിലയില്‍ തമിഴ് വീട്ടുവേലക്കാരിയെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കാട്പാടിക്ക് സമീപം മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്നമാണ് (55) റിയാദിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ അവശ നിലയില്‍ കഴിയുന്നത്. വലതുകൈ പൂര്‍ണമായും നഷ്ടപ്പെട്ടതിന് പുറമെ ശരീരഭാഗങ്ങളില്‍ എല്ലാം ഗുരുതരമായ പരിക്കുകളുമേറ്റ നിലയിലാണ്. ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായതെന്ന് കസ്തൂരി പറയുന്നു. ഹൗസ്മെയ്ഡ് വിസയില്‍ രണ്ട് മാസം മുമ്പ് റിയാദിലത്തെിയ കസ്തൂരിയെ ആദ്യം ദമ്മാമിലുള്ള സ്വദേശി വീട്ടിലേക്കാണ് കൊണ്ടുപോയത്. പിന്നീട് റിയാദില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലേക്ക് കൊണ്ടുവന്നു. ജോലിഭാരവും ശാരീരിക പീഢനവും മൂലം നാട്ടിലേക്ക് തിരിച്ചയക്കാന്‍ കേണുപറഞ്ഞിട്ടും ഫോണ്‍ പോലും അനുവദിക്കാറില്ലായിരുന്നത്രെ.
ഒരിക്കല്‍ താമസിക്കുന്ന വീടിന് പുറത്ത് കണ്ട തമിഴ്നാട്ടുകാരനോട് തന്‍െറ പ്രയാസങ്ങള്‍ പറയുന്നത് കണ്ട തൊഴിലുടമ പിടിച്ചു കൊണ്ടുപോയി മുറിയിലിട്ട് അടച്ചെന്നും കസ്തൂരി പറയുന്നു. ഏതുവിധേനെയും അവിടെ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുക എന്ന ലക്ഷ്യത്തോടെ തുണിപിരിച്ച് കയറുണ്ടാക്കി പൂട്ടിയിട്ട മുറിയുടെ ജനല്‍ വഴി പുറത്തേക്ക് ചാടി. നിലത്തേക്ക് ചാടിയതും കത്തിയുമായി ചാടിവീണ ആരോ തന്‍െറ കൈ വെട്ടിമാറ്റുകയാണുണ്ടായതെന്ന് കസ്തൂരി പറയുന്നു. അബോധാവസ്ഥയിലായി പോയതിനാല്‍ സംഭവിച്ചതൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല.
ചോരയൊലിക്കുന്ന നിലയില്‍ റെഡ് ക്രസന്‍റ് ആംബുലന്‍സിലാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് മലയാളി ജീവനക്കാര്‍ അറിയിച്ചു. വെട്ടി മാറ്റിയ കൈയ്യും ഒപ്പം കൊണ്ടു വന്നിരുന്നെങ്കിലും തല്‍ക്കാലം അടിയന്തിര ശസ്ത്രക്രിയ നടത്തി രക്തം വാര്‍ന്നൊഴുകുന്നത് തടയാനെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂവെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്നാട് ഘടകം ഭാരവാഹി റാഷിദ് ഖാന്‍ ആണ് സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി കസ്തൂരിയെ കണ്ടു. സംഭവം സംബന്ധിച്ച് ഹയ്യുല്‍ അല്‍സഹാഫ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണമാരംഭിച്ചതായും സൗദി ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അന്വേഷണം നടത്തുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.
ഭര്‍ത്താവ് മുനിരത്നം രോഗിയാണ്. മൂന്ന് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.