ആഭ്യന്തര ഹജ്ജിന് ഇ-ട്രാക്ക് സംവിധാനം ഫലപ്രദമായി - മന്ത്രി

ജിദ്ദ: ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം വിജയകരമായിരുന്നുവെന്നും വ്യാജ ഏജന്‍സികളെ തടയാനും അന്യായമായ നിരക്കു ചുമത്തുന്നത് ഒഴിവാക്കാനും ഇത് ഫലപ്രദമായിട്ടുണ്ടെന്നും ഹജ്ജ് കാര്യമന്ത്രി ഡോ. ബന്ദര്‍ അല്‍ ഹജ്ജാര്‍ പറഞ്ഞു. 
രാജ്യനിവാസികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഹജ്ജ് നടപടിക്രമങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ഈ രീതി സഹായകമായെന്നു മന്ത്രി വിശദീകരിച്ചു. മന്ത്രാലയത്തിന്‍െറ ജിദ്ദ ഓഫിസില്‍ ആഭ്യന്തര ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ക്കായി ‘ആഭ്യന്തര ഹാജിമാര്‍ക്ക് ഇ-ട്രാക്ക്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വീസ് സ്ഥാപനങ്ങള്‍ക്കും തീര്‍ഥാടകര്‍ക്കും ഒരു പോലെ സഹായകവും സുതാര്യവുമായ നിലയിലാണ് ഈ പദ്ധതി ഗവണ്‍മെന്‍റ് അവതരിപ്പിച്ചത്. ഇരുവിഭാഗത്തിനുമിടയില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ തീര്‍പ്പിലത്തൊന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സിസ്റ്റം പ്രയോജനപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ ഹജ്ജിന് ഇ-ട്രാക്ക് ഉപയോഗപ്പെടുത്തിയ രീതി മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഹുസൈന്‍ ശരീഫ് വീഡിയോ സഹായത്തോടെ അവതരിപ്പിച്ചു. 
തുടര്‍ന്ന് സ്ഥാപന ഉടമകളും മന്ത്രിയുമായുള്ള തുറന്ന ചര്‍ച്ച നടന്നു. പദ്ധതിയുടെ സാങ്കേതികവശം, ബോധവത്കരണരീതി, വിവിധ സര്‍ക്കാര്‍വകുപ്പുകളുമായുള്ള ഇ-ട്രാക്ക് പദ്ധതിയുടെ ബന്ധം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.