ഹൂതി നേതാവിന്‍െറ  സഹോദരന്‍ കൊല്ലപ്പെട്ടു

റിയാദ്: യമനിലെ വിഘടിത വിമത വിഭാഗമായ ഹൂതികളുടെ നേതാവിന്‍െറ സഹോദരന്‍ ഇബ്രാഹീം ബദ്റുദ്ദീന്‍ അല്‍ഹൂതി കൊല്ലപ്പെട്ടതായി ഹൂതി മിലിഷ്യ മാധ്യമങ്ങള്‍ വ്യക്തമാക്കി. ഹൂതി നേതാവായ അബ്ദുല്‍ മലികിന്‍െറ ഇളയ സഹോദരനായ ഇബ്രാഹീം ഞായറാഴ്ച അതിര്‍ത്തി പ്രദേശത്ത് സഖ്യസേന നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സന്‍ആയില്‍ അവസാനം നടന്ന ചര്‍ച്ചയിലും ഇബ്രാഹീം പങ്കെടുത്തിരുന്നു. അബ്ദുല്‍ മലിക് അല്‍ഹൂതിയുടെ നിര്‍ദേശപ്രകാരം സഖ്യസേനക്കെതിരെയുള്ള പല ആക്രമണത്തിനും ഇബ്രാഹീമാണ് നേതൃത്വം നല്‍കിയിരുന്നത്. മറ്റു രണ്ട് ഹൂതി നേതാക്കള്‍ ഉള്‍പ്പെടെ ഏട്ടു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേതാക്കളുടെ മരണം ഹൂതി ചാനലിന്‍െറ ട്വിറ്റര്‍ എക്കൗണ്ടിലും സ്ഥിരീകരിച്ചിട്ടുണ്ട്. സഅ്ദ നഗരമായിരുന്നു ഇബ്രാഹീമിന്‍െറ കേന്ദ്രം. നഗരത്തിന്‍െറ വടക്കുഭാഗത്തുള്ള ആല്‍ സൈഫി അതിര്‍ത്തി പ്രദേശത്താണ് സഖ്യ സേന ആക്രമണം നടത്തിയത്. തഅസ് നഗരം ഹൂതി വിമതരുടെയും അലി സാലിഹ് പക്ഷത്തിന്‍െറയും സ്വാധീനത്തില്‍ നിന്ന് പൂര്‍ണമായും മോചിപ്പിക്കാനുള്ള  നീക്കം തുടരുകയാണെന്ന് സര്‍ക്കാര്‍ പക്ഷ പോരാട്ട വിഭാഗം മേധാവി ഹമൂദ് സഅദ് അല്‍മിഖ്ലാഫി പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.