സൗദി വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നു

ജിദ്ദ: രാജ്യത്തെ വിമാനത്താവളങ്ങളും അനുബന്ധ സേവനങ്ങളും സ്വകാര്യവത്കരിക്കാന്‍ തീരുമാനമായി. 2016ല്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനത്താവളങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് സേവനരംഗം കുറ്റമറ്റമതാക്കണമെന്ന നയത്തിന്‍െറ ഭാഗമായാണ് സ്വകാര്യമേഖലയെ പരിഗണിക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ സുലൈമാന്‍ അല്‍ ഹംദാന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതുവഴി ദേശീയ ബജറ്റിന്‍െറ ഭാരം കുറക്കുകയെന്ന ലക്ഷ്യവും കൈവരിക്കാനാകും. രാജ്യാന്തര എണ്ണ വിപണിയിലെ ഇടിവ് സൗദി സമ്പദ്ഘടനയെ അലട്ടുന്നുണ്ട്. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറക്കുമെന്നും പുതിയ ധനാഗമ മാര്‍ഗങ്ങള്‍ തേടുമെന്നും ധനമന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 
പൊതുബജറ്റില്‍ വിമാനത്താവളങ്ങള്‍ക്കായി നീക്കിവെക്കുന്ന കോടിക്കണക്കിന് റിയാല്‍ ഇതുവഴി ഘട്ടം ഘട്ടമായി വകമാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമായിരിക്കും സ്വകാര്യവത്കരിക്കുകയെന്നാണ് സൂചന. 78,000 ഏക്കര്‍ സ്ഥലത്ത് നിലകൊള്ളുന്ന റിയാദ് വിമാനത്താവളത്തിന് നാലു ടെര്‍മിനലുകളാണുള്ളത്. ഹജ്ജ് തീര്‍ഥാടകരെ കൈകാര്യം ചെയ്യുന്ന ജിദ്ദ വിമാനത്താവളത്തിന് പിന്നില്‍ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവുമാണിത്. രണ്ടുകോടിയിലേറെ യാത്രക്കാരാണ് കഴിഞ്ഞവര്‍ഷം ഇതുവഴി കടന്നുപോയത്. ഒന്നേ മുക്കാല്‍ ലക്ഷത്തോളം വിമാനങ്ങളും ഈ കാലയളവില്‍ ഇവിടെ നിന്ന് ഓപറേറ്റ് ചെയ്തു. 
വിമാനത്താവളത്തിന് പിന്നാലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യൂനിറ്റുകള്‍ എന്നിവ അടുത്തവര്‍ഷം രണ്ടും മൂന്നും ഘട്ടങ്ങളിലായി സ്വകാര്യമേഖലക്ക് കൈമാറും. രാജ്യത്തെ മറ്റു രാജ്യാന്തര, പ്രാദേശിക വിമാനത്താവളങ്ങളും മുന്‍കൂട്ടി തയാറാക്കിയ സമയക്രമം പ്രകാരം 2020 നുള്ളില്‍ സ്വകാര്യവത്കരിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. 
പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദേശീയ എയര്‍ലൈന്‍ വിഭാഗത്തിന്‍െറ ചില അനുബന്ധ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ സ്വകാര്യവത്കരിക്കപ്പെട്ടിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് കാറ്ററിങ് കമ്പനി, സൗദി ഗ്രൗണ്ട് സര്‍വീസ് കമ്പനി എന്നിവ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. കാര്‍ഗോ യൂനിറ്റാണ് ഇനി ഉടന്‍ ഓഹരി വിപണിയിലത്തൊനുള്ളത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.