യമന്‍ പൗരന്മാരുടെ സന്ദര്‍ശന വിസ ആറ് മാസം നീട്ടും 

റിയാദ്: യമന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യ അനുവദിച്ച പ്രത്യേക ആനുകൂല്യമായ സന്ദര്‍ശന വിസയും താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡും ആറ് മാസം നീട്ടി നല്‍കാന്‍ ആഭ്യന്തര മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് നിര്‍ദേശിച്ചു. സഖ്യസേന യമനില്‍ നടത്തുന്ന സൈനിക നടപടിയുടെ ഭാഗമായി സല്‍മാന്‍ രാജാവിന്‍െറ നിര്‍ദേശപ്രകാരമാണ് യമന്‍ പൗരന്മാര്‍ക്ക് സന്ദര്‍ശന വിസയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗം തീരുമാനിച്ചത്. ഇത്തരം തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനും സൗദി തൊഴില്‍ മന്ത്രാലയം ഇളവ് അനുവദിച്ചിരുന്നു. സൗദിയില്‍ പ്രവാസികളായി കഴിയുന്ന യമന്‍ പൗരന്മാര്‍ക്ക് തങ്ങളുടെ ആശ്രിതരെ സന്ദര്‍ശന വിസയില്‍ സൗദിയിലേക്ക് കൊണ്ടുവരാനും നിയമം അനുവദിച്ചിട്ടുണ്ട്. അനധികൃതമായി സൗദിയില്‍ കഴിഞ്ഞിരുന്ന യമനികള്‍ക്ക് ആറ് മാസത്തെ കാലാവധിയുള്ള സന്ദര്‍ശന വിസയിലേക്ക് മാറാനും ആഭ്യന്തര മന്ത്രാലയം അവസം ഒരുക്കി. താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡില്‍ കഴിയുന്ന അഞ്ച് ലക്ഷം യമനികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. 
ജനുവരി മൂന്നിന് ഇവരുടെ ആറ് മാസ കാലാവധി അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി നല്‍കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്. 
ഇതനുസരിച്ച് ഡിസംബര്‍ 25 മുതല്‍ സന്ദര്‍ശന വിസ പുതുക്കാനുള്ള 100 റിയാല്‍ ഫീസ് ഇലക്ട്രോണിക് രീതിയില്‍ അടക്കാനാവും. സൗദിയിലുള്ള യമന്‍ പൗരന്മാരാണ് ‘അബ്ഷിര്‍’ സംവിധാനം വഴി അവരുടെ ആശ്രിതരായ സന്ദര്‍ശകരുടെ ഫീസ് അടച്ച് താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് എടുക്കേണ്ടത്. ഈ ആവശ്യത്തിന് പാസ്പോര്‍ട്ട് ഓഫീസിനെ സമീപിക്കേണ്ടതില്ളെന്നും പണമടക്കലും കാര്‍ഡ് എടുക്കലും ഓണ്‍ലൈന്‍ വഴി നടത്താമെന്നും അധികൃതര്‍ വിശദീകരിച്ചു. 
കാര്‍ഡുകള്‍ സൗദി പോസ്റ്റിന്‍െറ ‘വാസില്‍’ സംവിധാനം വഴിയാണ് ലഭിക്കുക. കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവര്‍ നിയമപരമായ ശിക്ഷക്കും പിഴക്കും അര്‍ഹരാവുമെന്നും പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.