നിര്‍ണായക ചുവടുവെപ്പ് -തെരഞ്ഞെടുപ്പ് കമീഷന്‍ 

റിയാദ്: ജനകീയ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിര്‍ണായക ചുവടുവെപ്പുകളിലൊന്നാണ് നഗരസഭ കൗണ്‍സിലിലേക്ക് നടന്ന വോട്ടെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ജുദൈഅ് അല്‍ഖഹ്താനി അറിയിച്ചു. വോട്ടെടുപ്പ് നടപടികള്‍ അറിയിക്കുന്നതിന്‍െറ ഭാഗമായി റിയാദിലെ തദ്ദേശ വകുപ്പ് ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പ്രവിശ്യകളിലായി 1330 സമിതികള്‍ സൂക്ഷ്മ പരിശോധന നടത്തിയതിന് ശേഷമാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതെന്നും വരും വര്‍ഷങ്ങളില്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ പ്രാതിനിധ്യമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ പ്രവിശ്യകളിലും കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തമുണ്ടാകണമെന്നതിന്‍െറ അടിസ്ഥാനത്തിലാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തത് സൂക്ഷ്മതയുടെ ഭാഗമാണെന്നും വോട്ടര്‍മാരെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നുവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജനസംഖ്യാനുപാതികമായി വോട്ടര്‍മാരുടെ എണ്ണം കുറവാണ്്. സൂക്ഷ്മ പരിശോധനയില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിന്‍െറ പേരില്‍ തള്ളിപ്പോയവര്‍ നിരവധിയാണ്. 
18 വയസ്സില്‍ താഴെയുള്ളവരും സൈനികരും കൂടി മൊത്തം ജനസംഖ്യയുടെ 40 ശതമാനം വരും. വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ കുറയാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്. ആവേശകരമായ പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്ന് ലഭിച്ചത്. വരും വര്‍ഷങ്ങളില്‍ ഇതിനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്. എല്ലാ ഘട്ടങ്ങളിലും സുതാര്യമായാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 30 വര്‍ഷം മുമ്പ് തന്നെ ജനപ്രാതിനിധ്യ സഭകള്‍ക്ക് രാജ്യത്ത് തുടക്കമിട്ടിട്ടുണ്ട്. ശൂറ കൗണ്‍സില്‍ അതിന്‍െറ തെളിവാണ്. മൊത്തം കൗണ്‍സില്‍ അംഗങ്ങളില്‍ പകുതിയെയും നേരിട്ട് നിയമിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് അംഗങ്ങളെയും വോട്ടെടുപ്പിലൂടെയാണ് കണ്ടത്തെുന്നത്. ഈ അനുപാതം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
വനിതകള്‍ മത്സര രംഗത്തേക്ക് വന്നതും വലിയ നേട്ടമാണ്. ഭാവിയില്‍ രാജ്യ പുരോഗതിയില്‍ വലിയ പങ്കു വഹിക്കാന്‍ അവര്‍ക്കിതിലൂടെ സാധിക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ജുദൈഅ് പറഞ്ഞു. 
തെരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളായ അഹ്മദ് ബിന്‍ സഅദ്, അഹ്മദ് അല്‍ഹുമൈദി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.