ഖോബാറിനെയും പരിസരത്തെയും നടുക്കി അഗ്നി ബാധ

ദമ്മാം: അരാംകോ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധ അല്‍ഖോബാറിനെയും പരിസര പ്രദേശങ്ങളെയും നടുക്കി. ദമ്മാം-ഖോബാര്‍ ഹൈവേയില്‍ തമീമി കോമ്പൗണ്ടിന് പിറകിലായി അരാംകോ വാടകക്കെടുത്ത കെട്ടിട സമുച്ചയങ്ങളിലൊന്നിലാണ് തീ പടര്‍ന്നത്. കെട്ടിടത്തിന്‍െറ താഴെ നിലയില്‍ നിര്‍മാണാവശ്യങ്ങള്‍ക്കായി കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചറുകളില്‍ നിന്നോ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട കാറുകളില്‍ നിന്നോ ആണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഓഫിസ് സമയമായതിനാല്‍ തിരക്കേറിയ ദമ്മാം-ഖോബാര്‍ ഹൈവേയില്‍ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീണ്ടു. പലരും ഓഫിസില്‍ വൈകിയാണത്തെിയത്. 
തീയണക്കാനും മറ്റുമായി എത്തിയ അരാംകോയുടെ കൂറ്റന്‍ ക്രെയിനുകള്‍ ഏറെ പണിപ്പെട്ടാണ് സംഭവ സ്ഥലത്ത് എത്തിച്ചത്. കെട്ടിടത്തിലേക്കുള്ള വഴികളെല്ലാം സിവില്‍ ഡിഫന്‍സ് അടച്ചു. ഹൈവേയിലെ സര്‍വീസ് റോഡുകള്‍ അടച്ചതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. രാത്രി വൈകിയാണ് ക്രെയിനുകള്‍ തിരിച്ച് കൊണ്ടുപോയത്. തീ പടര്‍ന്നയുടന്‍ കെട്ടിട സമുച്ചയത്തിന്‍െറ തൊട്ടടുത്തുള്ള ബിഡ്കോ കമ്പനിയുടെ തൊഴിലാളികള്‍ പാഞ്ഞത്തെിയാണ് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കമ്പനി തൊഴിലാളികള്‍ അവരുടെ ലിഫ്റ്റുപയോഗിച്ച് കുറെ പേരെ രക്ഷിച്ചതായി ദൃക്സാക്ഷികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സിവില്‍ ഡിഫന്‍സിന്‍െറയും അരാംകോയുടെയും ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീ പൂര്‍ണമായും അണച്ച ശേഷവും പുക കാരണം മണിക്കൂറുകള്‍ വൈകിയാണ് കെട്ടിടത്തിനകത്തേക്ക് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പ്രവേശിക്കാനായത്. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ അരാംകോ പ്രസിഡന്‍റിന്‍െറ ചുമതല വഹിക്കുന്ന എന്‍ജി. അമീന്‍ നാസര്‍ സന്ദര്‍ശിച്ചു. പലര്‍ക്കും പുക ശ്വസിച്ച് മണിക്കൂറുകള്‍ ശ്വാസ തടസ്സം അനുഭവപ്പെട്ടു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമായി നിരവധി പേരാണ് ദമ്മാം സെന്‍ട്രല്‍ ആശുപത്രി, കിങ് ഫഹദ് മെഡിക്കല്‍ കോളജ് ആശുപത്രി, ഖതീഫ് സെന്‍ട്രല്‍ ആശുപത്രി എന്നിവിടങ്ങളില്‍ കഴിയുന്നത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.