സൗദിയിലെ സംരക്ഷിത വനപ്രദേശങ്ങളിൽ വാഹനങ്ങൾ പ്രവേശിക്കരുത്​, പിഴ 2,000 റിയാൽ

​റിയാദ്: രാജ്യത്തെ സംരക്ഷിത വനപ്രദേശങ്ങളിൽ നിശ്ചിത വഴികളിലൂടെയല്ലാതെ വാഹനങ്ങളുമായി പ്രവേശിക്കുന്നത്​ വിലക്കി സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം. നിയമം ലംഘിച്ചാൽ 2,000 റിയാൽ പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. പരിസ്ഥിതി സുസ്ഥിരതയും ഉയർന്ന ജീവിത നിലവാരവും കൈവരിക്കുക എന്ന സൗദി ലക്ഷ്യങ്ങൾക്ക് അനുസൃതമായി സസ്യജാലങ്ങളുടെ സംരക്ഷണം വർധിപ്പിക്കുന്നതിനും ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രീതികൾ കുറയ്ക്കുന്നതിനും മരുഭൂമീകരണത്തെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

ശൈത്യകാല വിനോദയാത്രകളിൽ സസ്യജാലങ്ങൾക്ക് മുകളിലൂടെ അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കണം. കാരണം രാജ്യത്തി​െൻറ വനപ്രദേശങ്ങളുടെ നാശത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണി​ത്​. സസ്യജാലങ്ങളുടെ സംരക്ഷണം, പരിസ്ഥിതി നശീകരണത്തിനും പ്രകൃതിവിഭവങ്ങളുടെ ശോഷണത്തിനും കാരണമാകുന്ന കൈയേറ്റങ്ങൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ്​ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്​.

ഇത്തരം ​പ്രദേശങ്ങളിൽ വാഹനങ്ങൾക്ക്​ സഞ്ചരിക്കാൻ വാഹന റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്​. അതിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. പുൽമേടുകൾ, പ്രകൃതിദത്ത താഴ്‌വരകൾ, സംരക്ഷിത പ്രദേശങ്ങൾ എന്നിവയിലേക്കും അനുമതിയില്ലാതെ പ്രവേശിക്കാൻ പാടില്ല. ഈ രീതികൾ സസ്യങ്ങളുടെ സ്വാഭാവിക വളർച്ചാചക്രത്തെ തടസ്സപ്പെടുത്തുകയും മരുഭൂമീകരണത്തിനും വരൾച്ചക്കും സാധ്യത വർധിപ്പിക്കുകയും പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ജൈവവൈവിധ്യം കൂടുതൽ കുറയ്ക്കുകയും വന്യജീവികളെ പിന്തുണക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമുള്ള ആവാസവ്യവസ്ഥയുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പരിസ്ഥിതി ബോധമുള്ള പെരുമാറ്റം സ്വീകരിക്കാനും നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കാനും സസ്യസംരക്ഷണത്തിൽ പങ്കാളികളാകാനും മന്ത്രാലയം ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഒരു പങ്കിട്ട ഉത്തരവാദിത്തമാണ്. ഇത് സൗദി വിഷൻ 2030-​ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വരും തലമുറകൾക്ക് ഹരിതവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കുന്നതിന് സംഭാവന നൽകുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.