ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം നാളെ മദീനയില്‍ ഇറങ്ങും

മദീന: ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍ നിന്നുള്ള ആദ്യ തീര്‍ഥാടക സംഘം നാളെ, ഞായറാഴ്ച മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിച്ചേരും. ഡല്‍ഹിയില്‍ നിന്നുള്ള 340 പേരടങ്ങൂന്ന ആദ്യ സംഘം എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ രാവിലെ 9.15നാണ് പുണ്യഭൂമിയില്‍ എത്തിച്ചേരുക. മദീന വിമാനത്താവളത്തിലത്തെുന്ന ആദ്യസംഘം തീര്‍ഥാടകരെ ഉപസ്ഥാനപതി ഹേമന്ദ് കോട്ടല്‍വാര്‍, കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും മദീന ഹജ്ജ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിക്കും. വിമാനത്താവളത്തില്‍ ഹജ്ജ് മിഷന്‍ കൗണ്ടര്‍ തുറന്നിട്ടുണ്ട്. കൊല്‍ക്കത്ത, വാരാണസി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൂടി നാളെ എത്തുന്നുണ്ട്. ഏഴ് വിമാനങ്ങളിലായി 2304 തീര്‍ഥാടകരാണ് ആദ്യദിനം മദീനയിലത്തെുന്നത്. എയര്‍ ഇന്ത്യക്കു പുറമെ സൗദിയ, നാസ് എയര്‍ വിമാനങ്ങള്‍ ഇത്തവണ ഇന്ത്യയില്‍ നിന്നും തിരിച്ചും സര്‍വീസ് നടത്തുന്നുണ്ട്. 
ശ്രീനഗര്‍, ഗയ, കൊല്‍ക്കത്ത, ഡല്‍ഹി, ലഖ്നൗ, വാരാണസി, ഗുവാഹതി, ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് മദീനയില്‍ ഇറങ്ങുന്നത്.  177 സര്‍വീസുകളിലായി 54,120 പേര്‍ മദീന വഴി എത്തുന്നുണ്ട്. മദീന വഴിയുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ വരവ് സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കും. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ സെപ്റ്റംബര്‍ രണ്ടിന് കൊച്ചിയില്‍ നിന്നു ജിദ്ദയില്‍ എത്തിച്ചേരും. 
ഹറമിനു ചുറ്റുവട്ടത്തു തന്നെയാണ് ഇത്തവണ തീര്‍ഥാടകര്‍ക്ക് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.  70 ശതമാനം ഹാജിമാര്‍ക്കും 300 മീറ്റര്‍ അടുത്തും അവശേഷിക്കുന്നവര്‍ക്ക് 850 മീറ്റര്‍ അടുത്തുമാണ് താമസം. എട്ടു കമ്പനികള്‍ക്കു കീഴില്‍ ഒരുക്കിയ താമസസ്ഥലത്ത് രണ്ടു കാറ്ററിങ് സര്‍വീസ് കമ്പനികള്‍ ഭക്ഷണം വിതരണം ചെയ്യും. മുന്‍വര്‍ഷത്തെ പരാതികള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായി ഇത്തവണ നോര്‍ത്ത്, സൗത്ത്, ഈസ്റ്റ് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഹാജിമാര്‍ക്ക് ആവശ്യാനുസൃതം ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഹാജിമാരെ സ്വീകരിക്കാനായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മദീനയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഹറമിനു സമീപം മസ്ജിദു അബൂദര്‍റുല്‍ ഗിഫാരിയുടെ അടുത്തുള്ള ഹജ്ജ് മിഷന്‍ ഓഫിസില്‍ ഇന്‍ ചാര്‍ജ് ശുക്കൂര്‍ പുളിക്കലിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെല്ലാം അവസാന വട്ട ഒരുക്കങ്ങളിലായിരുന്നു ഇന്നലെ. ഓഫിസിനു സമീപം ഒരു ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.