റിയാദ്: വിദേശങ്ങളിൽ നിന്നെത്തുന്ന തീർഥാടകരെ കയറ്റുന്ന ബസുകൾക്കായുള്ള മക്കയിലെ ഗൈഡൻസ് സെന്ററിൽ ഒരുക്കം പൂർത്തിയായി. സ്മാർട്ട് ഉപകരണങ്ങൾ ഘടിപ്പിച്ച 1200-ൽ അധികം ഫീൽഡ് ഗൈഡുകൾക്ക് പരിശീലനം നൽകിയാണ് പ്രവർത്തന പദ്ധതി നേരത്തേ തയാറാക്കിയിരിക്കുന്നതെന്ന് കേന്ദ്രം മേധാവി അബ്ദുല്ല സിൻദി പറഞ്ഞു.
ബസ് റൂട്ടിങ് ഉറപ്പാക്കുന്നതിന് ഉപകരണങ്ങൾ നേരിട്ട് മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ബസുകളുടെ ചലനം നിരീക്ഷിക്കുന്നതിനും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്നു.
സ്വീകരണ കേന്ദ്രത്തിലും ഹറമൈൻ ട്രെയിൻ സ്റ്റേഷനിലും ഗൈഡിന്റെ ദൗത്യവും ബസുകളുടെ ചലനവും സുഗമമാക്കുന്നതിന് രാജ്യത്തെ യുവതീയുവാക്കളിൽനിന്നുള്ള 300ലധികം അഡ്മിനിസ്ട്രേറ്റീവ്, ഫീൽഡ് ജീവനക്കാരുണ്ടെന്നും ബസ് ഗൈഡൻസ് കേന്ദ്രം മേധാവി പറഞ്ഞു.
കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ‘അർശദ്നി’ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് കൈകാര്യം ചെയ്യുന്നത്. ബസുകൾ ട്രാക്ക് ചെയ്യുന്നതിലും ട്രിപ്പ് ഡാറ്റ തൽക്ഷണം അപ്ഡേറ്റ് ചെയ്യുന്നതിലും ഓപ്പറേറ്റിങ് ടീമുകളുമായി ഉടനടി ഏകോപനം സാധ്യമാക്കുന്നതിലും ഗൈഡുകളെ പിന്തുണക്കുന്ന ഒരു സംയോജിത സ്മാർട്ട് സിസ്റ്റമായിട്ടാണ് ഇത് വികസിപ്പിച്ചെടുത്തതെന്നും ബസ് ഗൈഡൻസ് കേന്ദ്രം മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.