ആദം മുഹമ്മദ് മക്കയിൽ

ബ്രിട്ടനിൽ നിന്ന് 11 രാജ്യങ്ങൾ താണ്ടി 11 മാസത്തെ കാൽനട യാത്ര; ആദം മുഹമ്മദ് ഹജ്ജിനെത്തി

ജിദ്ദ: ബ്രിട്ടനിൽ നിന്ന് കാൽനടയായി സൗദിയിലെ പുണ്യഭൂമിയിലെത്തി ഹജ്ജ് നിർവഹിക്കണമെന്ന ആദം മുഹമ്മദിന്‍റെ സ്വപ്നം യാഥാർഥ്യമാവുന്നു. ബ്രിട്ടനിലെ താമസസ്ഥലമായ വോൾവർ ഹാംപ്ടണിൽ നിന്ന് കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിനാണ് ഇറാഖി-കുർദിഷ് വംശജനായ 52 കാരൻ ആദം മുഹമ്മദ് തന്റെ ഉന്തുവണ്ടിയും തള്ളി കാൽനട യാത്ര ആരംഭിച്ചത്. 'ബ്രിട്ടനിൽ നിന്ന് മക്കയിലേക്കൊരു സമാധാന യാത്ര' എന്ന പേരിലായിരുന്നു ഏകാന്ത യാത്ര. 11 രാജ്യങ്ങളിലൂടെ നടത്തിയ യാത്ര​ക്കൊടുവിൽ കഴിഞ്ഞ ദിവസം മക്കയിലെത്തി. ഈ യാത്രയെക്കുറിച്ച് നേരത്തെ 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.

ബ്രിട്ടനിൽ നിന്ന് യാത്ര ആരംഭിച്ച് നെതര്‍ലാന്‍ഡ്‌, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ച്‌ മക്കയിലെത്താൻ 10 മാസവും 26 ദിവസങ്ങളുമെടുത്തു. ദിവസവും ശരാശരി 17.8 കിലോമീറ്റർ നടന്ന് ഏകദേശം 6,500 കിലോമീറ്റർ ദൂരം പിന്നിട്ടാണ് മക്കയിലെത്തിയത്. 250 കിലോഗ്രാം വരെ ഭാരമുള്ള ഉന്തുവണ്ടിയും തള്ളിയായിരുന്നു യാത്ര. വണ്ടിയിൽ തന്നെ പാചകം ചെയ്യാനും ഉറങ്ങാനുമൊക്കെയുള്ള സൗകര്യങ്ങൾ ഉണ്ടാക്കിയിരുന്നു. 


(ആദം മുഹമ്മദ് ഉന്തുവണ്ടിയുമായി)

ഖുർആൻ പാരായണവും ദിക്റുകളും മറ്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓഡിയോ സംവിധാനവും ഇലക്ട്രിക്കൽ എൻജിനീയറായ ആദം മുഹമ്മദ് ഉന്തുവണ്ടിയിൽ ഒരുക്കിയിരുന്നു. മക്ക തൻഈമിലുള്ള ആഇശ മസ്ജിദിൽ എത്തിച്ചേർന്ന അദ്ദേഹത്തെ സ്വദേശികളും വിദേശികളുമായ നിരവധി പേർ സ്വീകരിച്ചു.

യാത്ര പ്രശസ്തിക്കുവേണ്ടിയോ കേവലം മതപരമായ കാരണങ്ങളാലോ അല്ലെന്നും മറിച്ച് ലോകത്ത് എല്ലാവരും തുല്യരാണെന്നും ഒരാളും മറ്റൊരാളേക്കാൾ മികച്ചവനല്ലെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. യാത്രയിലുടനീളം തനിക്ക് പൂർണ പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നതായും ചില സ്ഥലങ്ങളിൽ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വെച്ചതും ചില പ്രദേശങ്ങളിലെ കഠിനമായ കാലാവസ്ഥകൊണ്ടുണ്ടായ ബുദ്ധിമുട്ടുകളുമൊഴികെ യാത്രയിൽ മറ്റു പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും യുദ്ധത്തടവുകാരനായി പിടിക്കപ്പെടുകയും ചെയ്ത ശേഷം 1990കളുടെ അവസാനത്തിൽ ആദം മുഹമ്മദ് ബ്രിട്ടനിലേക്ക് താമസം മാറ്റുകയായിരുന്നു.

Tags:    
News Summary - 11 months hiking from Britain Adam Muhammad arrived for Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.