മദീന നഗരത്തിൽ ഖുബാഅ് പള്ളിക്കും സിറ്റി സെൻററിനും ഇടയിൽ യാത്രക്കൊരുക്കിയ ഇലക്ട്രിക് വാഹനം
മദീന: മദീന നഗരത്തിൽ ഖുബാഅ് പള്ളിക്കും സിറ്റി സെൻററിനും ഇടയിലെ യാത്രക്ക് 100 ഇലക്ട്രിക് വാഹനങ്ങൾ. മദീന നഗരസഭയാണ് സയ്യിദ് ശുഹദാഅ് സ്ക്വയർ മുതൽ ഖുബാഅ് പള്ളിക്കരികിലൂടെ മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആളുകളുടെ യാത്രക്ക് ഇലക്ട്രിക് വാഹനങ്ങൾ ഒരുക്കിയിരിക്കുന്നത്. സേവനം ഷട്ടിൽ സർവിസ് രീതിയിലാണ്. വ്യക്തിഗത ഗതാഗത സേവനങ്ങൾക്കായുള്ള മദീനയിലെ ആദ്യത്തെ പദ്ധതിയാണിത്. മസ്ജിദുന്നബവിയിലേക്കുള്ള റോഡുകൾക്കിടയിൽ 24 മണിക്കൂറും സാധാരണ ഗതാഗത സംവിധാനം ഒരുക്കുക ലക്ഷ്യമിട്ടാണിത്.
അഞ്ചുമുതൽ ഏഴുവരെ ആളുകൾക്ക് യാത്രചെയ്യാവുന്ന വാഹനങ്ങളിൽ ആളുകളെ എത്തിക്കുകയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നതെന്ന് നഗരസഭ അറിയിച്ചു. കൂടാതെ, ഇലക്ട്രിക് ബസുകൾ, 60 പേർക്ക് സഞ്ചരിക്കാവുന്ന ട്രെയിനും യാത്രക്ക് ഒരുക്കും. അടുത്ത ആറുമാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 500ലെത്തുകയാണ് ലക്ഷ്യം.
ഈ സേവനവും മറ്റു മുനിസിപ്പൽ സേവനങ്ങളും ഉചിതമായ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുന്നതിനും മേഖലയിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും മദീനയിലെ താമസക്കാർക്കും സന്ദർശകർക്കും വിവിധ ഗതാഗത സൗകര്യം ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളിൽ ഉൾപ്പെടുമെന്നും നഗരസഭ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.