ദോഹ: വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ് ‘കേരള യൂനിറ്റി ബ്ലഡ് ഡൊണേഷൻ ഡ്രൈവ്’ എന്ന പേരിൽ ജൂൺ 13 വെള്ളിയാഴ്ച ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘മെനി ഹാർട്സ്, വൺ മിഷൻ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ബ്ലഡ് ഡോണഴ്സ് കേരളയുമായി ചേർന്ന് കേരളത്തിലെ എല്ലാ ജില്ല സംഘടനകളുടെയും ആരോഗ്യ മേഖലയിലെ സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന രക്തദാന ക്യാമ്പ് മലയാളി പ്രവാസി സമൂഹത്തിന്റെ ഐക്യവും ആതിഥേയ രാജ്യത്തോടുള്ള നന്ദിയും പ്രകടിപ്പിക്കുന്നതിനുള്ള ശ്രമമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ടു മണിവരെ നടക്കുന്ന ക്യാമ്പിൽ 400ൽപരം ദാതാക്കളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഗൂഗ്ൾ ഫോം മുഖേനയാണ് രജിസ്ട്രേഷൻ നടപടികൾ ക്രമീകരിക്കുക. ഖത്തർ പ്രവാസി സമൂഹത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ 13 ജില്ലകളിൽനിന്നുള്ള സംഘടനകളിലെ അംഗങ്ങൾ ഭാഗമാകുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റർ വാർത്തസമ്മേളന വേദിയിൽ അഡ്വൈസറി ബോർഡ് ചെയർമാൻ നാരായണൻ പ്രകാശനം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ് വനിത വിഭാഗം പ്രസിഡന്റ് ഷീല ഫിലിപ്പോസ്, കുവാഖ് പ്രസിഡന്റ് നൗഷാദ് അബൂ, ഫിൻക്യു പ്രസിഡന്റ് ബിജോയ് ചാക്കോ എന്നിവർ പങ്കെടുത്തു. ദോഹ അലിഷാൻ റസ്റ്റാറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ് ചെയർമാൻ സുരേഷ് കരിയാട്, പ്രസിഡന്റ് സിയാദ് ഉസ്മാൻ, ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർചാലിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ നാരായണൻ, ജോയന്റ് ട്രഷറർ ഹരികുമാർ, ബ്ലഡ് ഡോണേഴ്സ് കേരള പ്രതിനിധി സബിൻ സാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.