ലോക ഹിന്ദി ദിനാഘോഷത്തോടനുബന്ധിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച
പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ലോക ഹിന്ദി ദിനത്തോടനുബന്ധിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ഹിന്ദി ഭാഷയോടുള്ള താൽപര്യവും അഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ ഉദ്ഘാടനം ചെയ്തു. ആശയവിനിമയത്തിനുള്ള ശക്തമായ മാധ്യമം എന്നതിലുപരി സാംസ്കാരിക സ്വത്വത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും പ്രതീകമാണ് ഹിന്ദി ഭാഷയെന്ന് അവർ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഭാഷയെയും അതിന്റെ സാഹിത്യ പൈതൃകത്തെയും ആവേശത്തോടെ ഏറ്റെടുക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു.
ഹിന്ദി ഡിപ്പാർട്ട്മെന്റ് ഫാക്കൽറ്റി സമീർ പാണ്ഡെ ആഘോഷ പരിപാടികൾ പരിചയപ്പെടുത്തി. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകനായ മുഹമ്മദ് അൽസയീദ് ഇബ്രാഹിം സംസാരിച്ചു. സ്കൂളിലെ ജൂനിയർ ബോയ്സ്, ഗേൾസ്, വിഭാഗങ്ങളിലെ വിദ്യാർഥികൾ അവതരിപ്പിച്ച പ്രസംഗങ്ങൾ, സംഘഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഹിന്ദി ഡിപ്പാർട്ട്മെന്റ് കോഓഡിനേറ്റർ എസ്. രാജേന്ദ്രൻ കവിതാലാപനം നടത്തി. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ, ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. എട്ടാം ക്ലാസ് വിദ്യാർഥി ആരിസ് മസൂദ് ഖാൻ സ്വാഗതവും ഖാൻ ഉമർ അഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.