ഐ.സി.സി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടിയിൽനിന്ന്

ദോഹ ഐ.സി.സിയിൽ ലോക പരിസ്ഥിതി ദിനാചരണം

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) യൂത്ത് വിങ്ങുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അംബാസഡർ വിപുൽ, ഉത്തരവാദിത്തമുള്ളതും സുസ്ഥിരവുമായ ജീവിതശൈലിയിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ എല്ലാവരും പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു.

ചടങ്ങിനോടനുബന്ധിച്ച് അംബാസഡർ വിപുൽ ഐ.സി.സി പരിസരത്ത് വൃക്ഷത്തൈ നട്ടു. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ ഒരുക്കിയ പരിസ്ഥിതി സൗഹൃദ മാതൃകകളുടെ പ്രദർശനവും അദ്ദേഹം സന്ദർശിച്ചു. കുട്ടികളുടെ നൂതനമായ ആശയങ്ങളെയും പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.

ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ ആമുഖ പ്രഭാഷണം നടത്തി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. തുടർന്ന് അശ്വിൻ മധുസൂദനൻ പ്രഭാഷണം നടത്തി. ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ.സി.സി ഭാരവാഹികൾ, വിവിധ അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - World Environment Day celebrated at Doha ICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.