ലോകകപ്പ്​ സെക്യൂരിറ്റി ലാസ്റ്റ്​ മൈൽ സമ്മേളനം സംബന്ധിച്ച വാർത്താസമ്മേളനത്തിൽ സേഫ്​റ്റി ആന്‍റ്​ സെക്യൂരിറ്റി ​ഓപറേഷൻസ്​ കമ്മിറ്റി മീഡിയ ഹെഡ്​ ബ്രിഗേഡിയർ അബ്​ദുല്ല അൽ മുഫ്തഹ്​, ചെയർമാൻ മേജർ ജനറൽ എഞ്ചി. അബ്​ദുൽ അസീസ്​ അൽ അൻസാരി, ബ്രിഗേഡിയർ ഇബ്രാഹിം ഖലീൽ അൽ മുഹംനദി എന്നിവർ

പഴുതടച്ച സുര​ക്ഷയോടെ ലോകകപ്പ്​

ദോഹ: പഴുതടച്ച സുരക്ഷയും, കുറ്റമറ്റ ക്രമീകരണങ്ങളുമായി ലോകകപ്പിനായി ഖത്തർ സർവസജ്ജമെന്ന്​ പ്രഖ്യാപിക്കുന്ന 'സെക്യൂരിറ്റി ലാസ്റ്റ്​ മൈൽ കോൺഫറൻസ്​' ​ഞായർ, തിങ്കൾ ദിവസങ്ങളിൽ ദോഹയിൽ. ​ലോകകപ്പിന്‍റെ സുരക്ഷാ ചുമതലവഹിക്കുന്ന സേഫ്​റ്റി ആന്‍റ്​ സെക്യൂരിറ്റി ഓപറേഷൻസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകത്തെ ശ്രദ്ധേയമായ കുറ്റാന്വേഷണ-സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ്​ സമ്മേളനം നടക്കുന്നത്​. ലോകകപ്പിന്​ യോഗ്യത നേടിയ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ വിഭാഗങ്ങൾ, ഇന്‍റർപോൾ, യൂറോപോൾ എന്നിവക്കു പുറമെ, ​ഫിഫ, ഐക്യരാഷ്ട്ര സഭ എന്നിവരും സമ്മേളനത്തിൽ പ​​ങ്കെടുക്കുമെന്ന്​ സേഫ്​റ്റി ആന്‍റ്​ സെക്യൂരിറ്റി ​ഓപറേഷൻസ്​ കമ്മിറ്റി ചെയർമാൻ മേജർ ജനറൽ എഞ്ചി. അബ്​ദുൽ അസീസ്​ അൽ അൻസാരി പറഞ്ഞു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്‍റ്​ ലെഗസി, ഖത്തർ ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ലെഖ്​വിയ എന്നിവരുടെ പ്രതിനിധികളും പങ്കാളികളാവും.

ലോകകപ്പിനായി ഖത്തറിന്‍റെ സുരക്ഷാ ഒരുക്കങ്ങൾ സംബന്ധിച്ച്​ ലോകരാജ്യങ്ങൾക്ക്​ കൃത്യമായ ചിത്രം നൽകുന്നുവെന്നനിലയിൽ ഏറെ സുപ്രധാനമാണ്​ രണ്ടു ദിവസത്തെ സമ്മേളനമെന്ന്​ അധികൃതർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

ലോകകപ്പിന്​ ഇതുവരെ യോഗ്യത നേടിയ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരും, ഫുട്​ബാൾ ഫെ​ഡറേഷൻ അംഗങ്ങളുമെല്ലാം സമ്മേളനത്തിൽ പ​ങ്കെടുക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകരാജ്യങ്ങളുടെ കൂടി സഹകരണത്തോടെ സുരക്ഷാ മേഖലയിൽ നടത്തിയ തയ്യാറെടുപ്പുകളും പദ്ധതികളും അവർക്ക്​ വ്യക്​തമാവുന്ന വിധത്തിൽ സമ്മേളനത്തിലൂടെ വിശദീകരിച്ചു നൽകപ്പെടും.

ടൂർണമെന്‍റിന്‍റെ മുഴുവൻ രൂപരേഖ, സുരക്ഷാ അവലോകനം, സുരക്ഷാ ആസൂത്രണം, ടൂർണമെന്‍റുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലെയും സുരക്ഷാ സംവിധാനങ്ങൾ, സൈബർ സെക്യൂരിറ്റി, രാജ്യാന്തര പങ്കാളികളുമായുള്ള ആശയവിനിമയവും സഹകരണവും തുടങ്ങിയ കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.

ടീം അംഗങ്ങളും ആരാധകരും ഖത്തറിലെത്തുന്നത്​ മുതൽ മത്സരങ്ങൾ പൂർത്തിയാക്കി സുരക്ഷിതമായ നാട്ടിലേക്ക്​ മടങ്ങുന്നത്​ വരെയുള്ള ക്രമീകരണങ്ങൾ രണ്ടു ദിനത്തിലായി കൃത്യമായി വിശദീകരിക്കപ്പെടും. കളിക്കാരുടെയും കാണികളുടെയും സ്​റ്റേഡിയത്തിലേക്കുള്ള പ്രവേശനം, ഇരിപ്പിട വിന്യാസം, പരിശീലന സ്ഥലങ്ങളിലേക്കും താമസ സ്ഥലങ്ങളിലേക്കുമുള്ള യാത്രകൾ തുടങ്ങിയ എല്ലാ കാര്യങ്ങളിലും വിശദമായ രൂപരേഖ ഇതിനകം തയ്യാറാക്കപ്പെട്ടതായും, ഇവ ടീം പ്രതിനിധികൾക്കും അതാത്​ രാജ്യങ്ങളുടെ സുരക്ഷ വിഭാഗത്തിനും വിശദമാക്കുമെന്നും ചെയർമാൻ പറഞ്ഞു.

ലോകകപ്പ്​ പ്രഖ്യാപിച്ചത്​ മുതൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടന്ന ടൂർണമെന്‍റുകളുടെ സുരക്ഷാ വിന്യാസത്തിൽ സഹകരിച്ചും, പാഠങ്ങൾ പഠിച്ചും പരിശീലിച്ചുമാണ്​ സുരക്ഷാ വിഭാഗങ്ങൾ ലോകകപ്പിനായി ഒരുങ്ങുന്നത്​.

ഇതിനിടയിൽ ഫിഫ അറബ്​ കപ്പും, ക്ലബ്​ ലോകകപ്പും ഉൾപ്പെടെയുള്ള സുപ്രധാന മേളകളിലും സുരക്ഷാ വിഭാഗം കാര്യമായ തയ്യാറെടുപ്പ്​ നടത്തി. ഇവയെല്ലാം അടിസ്ഥാനമാക്കിയാവും രാജ്യത്തിന്‍റെ ക്രമീകരണങ്ങൾ അവതരിപ്പിക്കുന്നത്​. ലോകകപ്പ്​ ടീമുകൾക്കു പുറമെ, സൗഹൃദരാജ്യങ്ങളും മറ്റും പ​ങ്കെടുക്കുന്നുണ്ട്​.

ലോകകപ്പ്​ വേദിയൊരുക്കുന്നതിനായി ഖത്തർ നടത്തിയ തയ്യാറെടുപ്പുകൾ, തുടർന്നുള്ള ലോകമേളകൾക്കായി ഇന്‍റർപോളുമായി സഹകരിച്ച്​ പങ്കുവെക്കുന്ന 'പ്രൊജക്​ട്​ സ്​റ്റേഡിയ' വിവരങ്ങളും സമ്മേളനത്തിൽ സമർപ്പിക്കും.

ഞായറാഴ്​ച ആരംഭിക്കുന്ന സമ്മേളനം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻഅബ്​ദുൽ അസീസ്​ ആൽഥാനി ഉദ്​ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ എസ്​.എസ്​.ഒ.സി മീഡിയ ഹെഡ്​ ബ്രിഗേഡിയർ അബ്​ദുല്ല അൽ മുഫ്തഹ്​, ലീഗൽ അഫയേഴ്​സ്​ ആന്‍റ്​ കമ്യൂണിക്കേഷൻ മേധാവി ബ്രിഗേഡിയർ ഇബ്രാഹിം ഖലീൽ അൽ മുഹംനദി എന്നിവരും പ​ങ്കെടുത്തു.

ഐ.പി.സി.സി ദോഹയിൽ

​ദോഹ: ലാസ്റ്റ്​ മൈൽ സുരക്ഷാ സമ്മേളനത്തിന്‍റെ ഭാഗമായി ഇന്‍റർനാഷണൽ പൊലീസ്​ കോ-ഓപറേഷൻ സെന്‍റർ ദോഹയിൽ തുറക്കുമെന്ന്​ അധികൃതർ അറിയിച്ചു. ലോകകപ്പ്​ കാലത്ത്​ സുരക്ഷാ സംബന്ധമായ സഹകരണവും, വിവര കൈമാറ്റവും ലക്ഷ്യം വെച്ചാണ്​ ഐ.പി.സി.സിയുടെ കേന്ദ്രം ദോഹയിൽ ആരംഭിക്കുന്നത്​. പ്രാദേശിക സംഘാടകർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കും, ​പ​ങ്കെടുക്കുന്ന രാജ്യങ്ങൾക്കുമിടയിലെ സുരക്ഷാ സഹകരണവും ആശയകൈമാറ്റവുമെല്ലാം സുഖമമാക്കുന്നതിന്‍റെ ഭാഗം കൂടിയാണ്​ ഐ.പി.സി.സി സെന്‍റർ വരുന്നത്​. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും, സാ​ങ്കേതിക വിദ്യകളും, മികച്ച യുവ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാവും ഐ.പി.സി.സി.

News Summary - World Cup with antiquated security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.