ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് ഇനിയും ടിക്കറ്റ് ലഭിക്കാത്തവർക്ക് അവസാന മിനിറ്റ് ടിക്കറ്റ് വിൽപനയുടെ സന്തോഷ വാർത്ത പ്രഖ്യാപിച്ച് ഫിഫ. സെപ്റ്റംബർ അവസാന വാരം ആരംഭിക്കുന്ന ടിക്കറ്റ് വിൽപന ലോകകപ്പ് ഫൈനൽ വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ ഘട്ടത്തിൽ ദോഹയിലെ ഫിഫ കൗണ്ടർ വഴിയും ആരാധകർക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. തീയതി പിന്നീട് പ്രഖ്യാപിക്കും. ഫസ്റ്റ് കം ഫസ്റ്റ് എന്ന രീതിയിലാവും ലാസ്റ്റ് മിനിറ്റ് സെയ്ൽ.
സെപ്റ്റംബർ അവസാനത്തിൽ ആരംഭിക്കുന്ന ലാസ്റ്റ് മിനിറ്റ് വിൽപന ലോകകപ്പ് ഫൈനൽ വരെ നീണ്ടുനിൽക്കുന്നത് വഴി കൂടുതൽ പേർക്ക് ടിക്കറ്റ് സ്വന്തമാക്കാൻ വഴിയൊരുങ്ങും. നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഡിസംബർ 18നാണ് സമാപിക്കുന്നത്. അതേസമയം, ആദ്യ ഘട്ടങ്ങളിൽ ടിക്കറ്റ് ആവശ്യക്കാരുടെ പട്ടികയിൽ ആദ്യപത്തിൽ ഒന്നായി ഇടം പിടിച്ച ഇന്ത്യയെ പിന്തള്ളി മറ്റു രാജ്യങ്ങൾ മുൻനിരയിലെത്തി.
യൂറോപ്, തെക്കൻ അമേരിക്ക രാജ്യങ്ങളിൽനിന്നാണ് ഇപ്പോൾ കൂടുതലും ആവശ്യക്കാരുള്ളത്. ഇതിനകം ടിക്കറ്റ് വാങ്ങിക്കൂട്ടിയ ആരാധകർ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് ആവശ്യമായ ഹയാ കാർഡിന് എത്രയും വേഗം അപേക്ഷിക്കണമെന്ന് സംഘാടകർ ഓർമപ്പെടുത്തി.
ദോഹ: ആഗസ്റ്റ് 16ന് വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 24.5 ലക്ഷം മാച്ച് ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഫിഫ അറിയിച്ചു. ഏറ്റവും ഒടുവിൽ ജൂലൈ അഞ്ചിന് ആരംഭിച്ച 40 ദിവസത്തിലേറെ നീണ്ടുനിന്ന ഘട്ടം ഉൾപ്പെടെയാണ് ഈ കണക്ക്. ഈ ഘട്ടത്തിൽ മാത്രം 5.20 ലക്ഷം ടിക്കറ്റുകൾ ആരാധകർ സ്വന്തമാക്കിക്കഴിഞ്ഞു.
ആതിഥേയരായ ഖത്തറിൽനിന്നാണ് ടിക്കറ്റിന് ഏറ്റവും ആവശ്യക്കാരുള്ളത്. അമേരിക്ക, ഇംഗ്ലണ്ട്, സൗദി അറേബ്യ, മെക്സികോ, യു.എ.ഇ, ഫ്രാൻസ്, അർജന്റീന, ബ്രസീൽ, ജർമനി എന്നിവരാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു രാജ്യങ്ങൾ.
ഗ്രൂപ് റൗണ്ടിലെ മത്സരങ്ങളായ കാമറൂൺ-ബ്രസീൽ, ബ്രസീൽ-സെർബിയ, പോർചുഗൽ-ഉറുഗ്വായ്, കോസ്റ്ററീക-ജർമനി, ആസ്ട്രേലിയ-ഡെന്മാർക് എന്നീ മത്സരങ്ങൾക്കാണ് അവസാന ഘട്ടത്തിൽ ആവശ്യക്കാർ ഏറെയുണ്ടായിരുന്നത്. റീ സെയിൽ പ്ലാറ്റ്ഫോമും ആഗസ്റ്റ് ആദ്യത്തിൽ തുറന്നിരുന്നു. ഖത്തർ, സൗദി, അമേരിക്ക, മെക്സികോ, യു.എ.ഇ, അർജന്റീന, ബ്രസീൽ, വെയ്ൽസ്, ആസ്ട്രേലിയ രാജ്യങ്ങളിൽനിന്നായിരുന്നു ടിക്കറ്റിനായി ഏറെ പേരും ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.