ഓണം, ഒരിക്കൽ കൂട്ടായ്മയുടെ മധുരവും നാട്ടിൻപുറത്തിന്റെ ചിരിയുമായിരുന്നു. പൂക്കൾ പറിച്ചൊരുക്കിയ പൂക്കളത്തിലും അമ്മയുടെ കൈപ്പുണ്യത്തിൽ പാചകം ചെയ്ത സദ്യയിലും ആയിരുന്നു ആഘോഷത്തിന്റെ തനിമ. ഇന്ന്, ആ നിറങ്ങൾ അൽപം മാറിക്കഴിഞ്ഞു. റെഡിമെയ്ഡ് പൂക്കളങ്ങളും ഹോട്ടൽ സദ്യകളും ഓൺലൈൻ ആശംസകളും, ഷോപ്പിങ് ഫെസ്റ്റിവലുകളുമാണ് ആഘോഷത്തെ ചുറ്റിപ്പറ്റുന്നത്. രൂപം എത്ര മാറിയാലും, ഓണത്തിന്റെ സന്തോഷവും ഐക്യത്തിന്റെ ആത്മാവും ഇന്നും മലയാളിയുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു.
അന്നൊക്കെ ചിങ്ങമാസം പിറന്നതോടെ ഓണം ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുമായിരുന്നു. അത്തം പിറന്നതിന്റെ തലേ ദിവസം മുതൽ ഓണം വരെ പൂക്കളങ്ങൾ തീർക്കുന്നതിന്റെ തിരക്കിലായിരുന്നു. കുട്ടികളും മുതിർന്നവരും ചേർന്ന് പൂക്കളം ഒരുക്കും. ചേച്ചിമാർ ഇരുന്ന് പൂക്കൾ അലങ്കരിക്കുമ്പോൾ, കുഞ്ഞുങ്ങൾ നിറങ്ങൾ തിരിച്ച് കൊടുക്കുന്ന കാഴ്ചകൾക്ക് പറഞ്ഞറിയിക്കാനാകാത്ത സൗന്ദര്യമുണ്ടായിരുന്നു.
ഓണം, പൂക്കളത്തിലും സദ്യയിലും മാത്രം ഒതുങ്ങിയിരുന്നില്ല. കുടുംബങ്ങൾ ഒത്തുകൂടിയുള്ള ഓണക്കളി, ഊഞ്ഞാലാട്ടം, കളികളും ഒടുവിൽ വിഭവസമൃദ്ധമായ ഒത്തൊരുമയുടെ സദ്യയും ഉണ്ടായിരുന്നു. ജാതി -മതം വ്യത്യാസമില്ലാതെ എല്ലാവരും ഒന്നായി ആഘോഷിക്കുന്നത് ഓണത്തിന്റെ ഏറ്റവും വലിയ സൗന്ദര്യമായിരുന്നു. ഇന്ന് അങ്ങനെയുള്ള ഒത്തൊരുമകൾ കുറയുകയാണ്. കുടുംബങ്ങൾ എല്ലാം ഒത്തുചേരാതെ, അന്യദേശങ്ങളിൽനിന്ന് ഓൺലൈൻ വഴിയാണ് ആഘോഷങ്ങൾ പങ്കുവെക്കുന്നത്. നേരിട്ട് കൈമാറിയിരുന്ന ഓണസമ്മാനങ്ങൾ വരെ ഇന്ന് കൊറിയർ വഴിയും ഓൺലൈൻ ബുക്കിങ് വഴിയും എത്തുന്നു. അമ്മയുടെ രുചിയിൽ ഉണ്ടാക്കിയിരുന്ന സദ്യപോലും റസ്റ്റാറന്റുകളിൽനിന്ന് വീട്ടിലെത്തുന്നു. എങ്ങനെ മാറ്റങ്ങൾ വന്നാലും, ഓണത്തിന്റെ സന്തോഷവും ഐക്യത്തിന്റെ ആത്മാവും മലയാളിയുടെ ഹൃദയത്തിൽ എന്നും നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.