അധ്യാപക ദിനമെന്നാൽ...

വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് അധ്യാപക ദിനം. യു.എൻ ഒൗദ്യോഗികമായി ഒക്ടോബർ അഞ്ചിനാണ് ഇൗ ദിനം ആഘോഷിക്കുന്നതെങ്കിൽ നമ്മൾ ഇന്ത്യക്കാർ മുന്‍ രാഷ്​ട്രപതി ഡോ. എസ്. രാധാകൃഷ്​ണൻെറ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് അത് ആഘോഷിക്കുന്നത്. ലോകത്ത് അഞ്ചു കോടിയിലേറെ അധ്യാപകരുണ്ട്. സമൂഹത്തിന് അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമാണ് യുെനസ്കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്. 1966 ഒക്ടോബര്‍ അഞ്ചിന് അധ്യാപകരുടെ പദവി സംബന്ധിച്ച് യുെനസ്കോ നടത്തിയ രാജ്യാന്തര- സര്‍ക്കാര്‍തല സമ്മേളനത്തിെൻറ ഓർമക്കായാണ് ഈ ദിനം അധ്യാപക ദിനമായി പ്രഖ്യാപിച്ചത്.

ഒട്ടുമിക്ക ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും സെപ്റ്റബര്‍ 11-നാണ് അധ്യാപക ദിനം അഘോഷിക്കുന്നത്. അമേരിക്കയില്‍ മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് അധ്യാപകദിനം. ചൈനയിൽ പലദിവസങ്ങളിലും അധ്യാപകദിനം അഘോഷിച്ചിട്ടുണ്ട്. അധ്യാപകദിനാഘോഷം കണ്‍ഫ്യൂഷസിെൻറ ജന്മദിനത്തിലാക്കണമെന്ന ആവശ്യം നിലവിലുണ്ട്. തായ്‌വാനില്‍ കണ്‍ഫ്യൂഷസിെൻറ ജന്മദിനത്തില്‍ തന്നെയാണ് അധ്യാപകദിനാഘോഷം. തായ്​ലന്‍ഡില്‍ ജനുവരി 16നാണ് അധ്യാപകദിനം. അര്‍ജൻറീനയില്‍ രാഷ്​ട്രപതി ഡോ. മിന്‍ഗോ ഫാസ്റ്റിനൊ സാര്‍മിയേൻറായുടെ ചരമദിനമാണ് അധ്യാപകദിനം. ബ്രസീലില്‍ ഒക്​ടോബര്‍ 15നാണ് അധ്യാപകദിനം. പെദ്രോ ചക്രവര്‍ത്തി സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി സ്കൂളുകള്‍ നിർമിക്കാന്‍ നിയമം ഉണ്ടാക്കിയ ദിവസമാണിത്. ഒമാന്‍, സിറിയ, ഈജിപ്ത്, ലിബിയ, ഖത്തര്‍, യമന്‍, തുനീഷ്യ, ജോർഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫെബ്രുവരി 28നാണ് അധ്യാപകദിനം.

ഡോ. എസ്. രാധാകൃഷ്ണൻ

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്​ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ (സെപ്റ്റംബർ 5, 1888 -ഏപ്രിൽ 17, 1975). ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്ന എസ്.ആർ ഇന്ത്യയുടെ രാഷ്​​ട്രീയ നേതൃനിരയിൽ അപൂർവമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിൽപെടുന്നയാളായിരുന്നു. ഭാരതീയ- പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾ അദ്ദേഹത്തിെൻറ ആഴമേറിയ പാണ്ഡിത്യത്തിെൻറ തെളിവാണ്. 1954ൽ എസ്. രാധാകൃഷ്ണന് ഭാരതരത്ന ബഹുമതി ലഭിച്ചു. ബ്രിട്ടനിൽനിന്നും നൈറ്റ് ബാച്​ലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി. ഇന്ത്യ സ്വതന്ത്രയായതിനുശേഷം സർ പദവി രാധാകൃഷ്ണൻ തിരിച്ചേൽപിച്ചു. ഭാരതത്തിെൻറ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അധ്യാപകരുടെ അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹം അറിയപ്പെടുന്നു.

'തത്ത്വചിന്തകർക്കിടയിലെ രാജാവ്' എന്നാണ് ബെർണാഡ് റസ്സൽ, എസ്. രാധാകൃഷ്ണനെ വിശേഷിപ്പിച്ചത്. ചിന്തകൻ, വാഗ്മി, തന്ത്രശാലിയായ സ്ഥാനപതി, അധ്യാപക പ്രതിഭ, ഭരണനിപുണൻ എന്നീ നിലയിലെല്ലാം അദ്ദേഹം ശോഭിച്ചു. കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന പണം കൊണ്ടായിരുന്നു എസ്​. രാധാകൃഷ്​ണൻെറ പഠനം. മദ്രാസ് പ്രസിഡൻസി കോളജിൽ അധ്യാപക ജീവിതം ആരംഭിച്ചു. കൊൽക്കത്ത കോളജ്, മാഞ്ചസ്റ്റർ കോളജ് എന്നിവിടങ്ങളിൽ അധ്യാപനം. ആന്ധ്ര, ബനാറസ് സർവകലാശാലകളുടെ വൈസ് ചാൻസലർ, സോവിയറ്റ് യൂനിയനിലെ ഇന്ത്യൻ സ്ഥാനപതി എന്നിങ്ങനെ 1952ൽ ഇന്ത്യയുടെ ആദ്യ ഉപരാഷ്​ട്രപതിയാകുന്നതിനു മുമ്പ് വഹിച്ചിരുന്ന സ്ഥാനങ്ങൾ ഒട്ടേറെ. 150 പുസ്തകങ്ങളും അദ്ദേഹത്തിേൻറതായുണ്ട്. ഇന്ത്യൻ രാഷ്‌ട്രപതിയായപ്പോഴും ലാളിത്യവും എളിമയും അദ്ദേഹം കാത്തുസൂക്ഷിച്ചു. രാഷ്​ട്രപതി വേതനം 10,000 രൂപയിൽനിന്ന് 2000 രൂപയായി കുറച്ചതാണ് അദ്ദേഹത്തിെൻറ ആദ്യ പദ്ധതികളിലൊന്ന്. ആഴ്ചയിൽ രണ്ടു ദിവസം മുൻകൂട്ടി അനുമതിയില്ലാതെതന്നെ ആർക്കും അദ്ദേഹത്തെ സന്ദർശിക്കാമായിരുന്നു.

മറക്കാനാകാത്ത യാത്രയയപ്പ്

മൈസൂർ സർവകലാശാലയിൽനിന്ന് സ്ഥലം മാറിപ്പോയ ഡോ. രാധാകൃഷ്ണന് അദ്ദേഹത്തിെൻറ പ്രിയ ശിഷ്യർ നൽകിയ യാത്രയയപ്പ് പ്രസിദ്ധമാണ്. അദ്ദേഹം മൈസൂർ സർവകലാശാലയിൽ പ്രഫസറായിരുന്ന കാലം. അപ്രതീക്ഷിതമായി അദ്ദേഹത്തിന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചു. പ്രിയ ഗുരുവിെൻറ സ്ഥലംമാറ്റത്തിൽ ദുഃഖിതരായ വിദ്യാർഥികൾ അദ്ദേഹത്തിന് ഒരു അവിസ്മരണീയ യാത്രയയപ്പുതന്നെ നൽകാൻ തീരുമാനിച്ചു. മറക്കാനാകാത്ത ഒരു ചടങ്ങായിരിക്കണം അതെന്ന് അവർ ഒന്നടങ്കം നിശ്ചയിച്ചു.

യാത്രയയപ്പുദിനമെത്തി. റെയിൽവേ സ്​റ്റേഷനിലേക്ക് പോകാൻ അദ്ദേഹം കുതിരവണ്ടിയിൽ കയറി. എന്നാൽ, വിദ്യാർഥികൾ കുതിരകളെ അഴിച്ചുമാറ്റി. അവർ ഒത്തുചേർന്ന് വണ്ടി വലിച്ചുതുടങ്ങി. സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരും അവർക്കൊപ്പം നീങ്ങി. മൈസൂർ നഗരം അന്നുവരെ കാണാത്ത കാഴ്ചകൾ അവിടെ അരങ്ങേറി. വഴിത്താരകളിൽ റോസാദളങ്ങൾ വിതറിയിരുന്നു. വിദ്യാർഥികൾ റെയിൽവേ പ്ലാറ്റ്ഫോം വരെ പൂമാലകൾ കൊണ്ടലങ്കരിച്ചിരുന്നു.

ശിഷ്യരിൽനിന്ന് ഈ ഗുരുവിന് കൈവന്ന ആ അസുലഭ മുഹൂർത്തങ്ങൾ ഏത് അധ്യാപകരാണ് കൊതിച്ചുപോകാത്തത്. ഓരോ വിദ്യാർഥികളുടേയും മനസ്സിൽ ഒരു സിംഹാസനമുണ്ട്. അത് അവരുടെ പ്രിയപ്പെട്ട ഗുരുവിനുള്ളതാണ്. പഠിപ്പിച്ച വിദ്യാർഥികളുടെയൊക്കെ മനസ്സിെൻറ സിംഹാസനത്തിലെ ചക്രവർത്തിയായി വാഴാൻ അവസരം കിട്ടിയ ആ മഹാ പ്രതിഭയുടെ മുന്നിൽ നമുക്ക് ശിരസ്സുനമിക്കാം.

അധ്യാപകൻ ആരായിരിക്കണം

അധ്യാപകൻ ആരായിരിക്കണം എന്നതിന് നിരവധി വ്യാഖ്യാനങ്ങളുണ്ടെങ്കിലും അധ്യാപനം ചെയ്യുന്ന ആളിനെ അധ്യാപകൻ എന്ന് വിളിക്കാം. ബി.ഒ. സ്മിത്തിെൻറ വാക്കുകളിൽ അധ്യാപനം: system of action, goal directed action എന്നിങ്ങനെയാണെന്ന് പറയുന്നു. അധ്യാപനത്തെ അവലോകനം ചെയ്യുമ്പോൾ അധ്യാപകനിൽ എത്തേണ്ട ചില ചോദ്യങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നു.

Tags:    
News Summary - What is the real date of Teachers Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.