ഖത്തറിൽ പ്രവർത്തനമാരംഭിച്ച സീഷോർ
ഗ്രൂപ്പിന്റെ വോൾട്ട ബാറ്ററി റീസൈക്ലിങ് ഫാക്ടറി
ദോഹ: ഖത്തറിലെ പ്രഥമ പരിസ്ഥിതിസൗഹൃദ ബാറ്ററി റീസൈക്ലിങ് ഫാക്ടറിയുമായി സീഷോർ ഗ്രൂപ്. ഖത്തറിലെയും അറബ്, മിഡിലീസ്റ്റ് മേഖലയിലെയും ആദ്യ ഫാക്ടറിയായാണ് ‘വോൾട്ട’ ബാറ്ററി റീസൈക്ലിങ് പ്രവർത്തനമാരംഭിച്ചത്. സീഷോർ ഗ്രൂപ്പിനു കീഴിലാണ് ഫാക്ടറി തുറന്നത്.
ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായുള്ള സുസ്ഥിരതാ മാനദണ്ഡങ്ങൾ പ്രകാരമാണ് ഫാക്ടറിയുടെ പ്രവർത്തനം. പൂർണമായും ഓട്ടോമേറ്റഡും പരിസ്ഥിതിസൗഹൃദവും സുസ്ഥിര ബാറ്ററി റീസൈക്ലിങ് പ്രക്രിയകളും അടിസ്ഥാനമാക്കിയുള്ള ഫാക്ടറിയുടെ പ്രവർത്തനത്തിൽ സർക്കുലർ സമ്പദ്വ്യവസ്ഥക്ക് അനുയോജ്യമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ബാറ്ററി റീസൈക്ലിങ് രംഗത്ത് ഏറ്റവും പുതിയ നൂതന ഉൽപാദനസംവിധാനങ്ങളോടും സാങ്കേതികവിദ്യകളോടും കൂടി പ്രവർത്തനസജ്ജമായ ഫലപ്രദവും സംയോജിതവുമായ ആദ്യ ഫാക്ടറിയാണ് ‘വോൾട്ട’. ലോകത്തിന്റെ എല്ലായിടങ്ങളിൽനിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്ന തന്ത്രപ്രധാന കേന്ദ്രം എന്ന നിലയിൽ ഖത്തറിലാണ് ഫാക്ടറി പ്രവർത്തിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ബാറ്ററികളിൽനിന്നുള്ള പുനരുപയോഗ ഉൽപന്നങ്ങൾ ആഗോള വിപണിയിൽ അംഗീകരിക്കപ്പെട്ട അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നീ മൂന്നു തരത്തിലാണ് ഉൽപാദിപ്പിക്കുന്നതെന്നതും പ്രത്യേകതയാണ്.
ബാറ്ററികൾ അനുചിതമായ തരത്തിൽ റീസൈക്കിൾ ചെയ്യുന്നത് പരിസ്ഥിതിക്ക് ഹാനികരമാണ്. അതുകൊണ്ടു തന്നെ വോൾട്ട ബാറ്ററി റീസൈക്ലിങ് ഫാക്ടറിയുടെ പ്രവർത്തനത്തിൽ സുരക്ഷക്കും പരിസ്ഥിതി സുസ്ഥിരതക്കുമാണ് സീഷോർ ഗ്രൂപ് മുഖ്യ പരിഗണന നൽകുന്നത്. പരിസ്ഥിതിക്ക് ഹാനികരമാകുന്ന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നില്ലെന്ന് നൂറു ശതമാനവും ഉറപ്പാക്കിയാണ് ഫാക്ടറിയുടെ പ്രവർത്തനങ്ങൾ. ആഗോളവിപണിയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും രീതികളും ഉപയോഗിച്ചുള്ള പ്രവർത്തനമികവ് ഉറപ്പാക്കുകയെന്ന സീഷോറിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
ഖത്തർ ദേശീയ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾപ്രകാരം പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും സുസ്ഥിരത കൈവരിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് വോൾട്ട ബാറ്ററി റീസൈക്ലിങ് ഫാക്ടറി തുറന്നതെന്ന് സീഷോർ ഗ്രൂപ് സി.ഇ.ഒ സലേം ബിൻ സെയ്ദ് അൽ മുഹന്നദി പറഞ്ഞു.
ഉപയോഗിച്ച ബാറ്ററികൾ വലിയതോതിൽ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയോ അല്ലെങ്കിൽ കത്തിച്ചുകളയുകയോ മാലിന്യകേന്ദ്രങ്ങളിൽ വലിച്ചെറിയുകയോ ചെയ്യുന്ന പ്രവണതകളും പെരുമാറ്റങ്ങളും ഒഴിവാക്കാൻ വോൾട്ട ബാറ്ററി റീസൈക്ലിങ് ഫാക്ടറിയുടെ പ്രവർത്തനത്തിലൂടെ കഴിയുമെന്നതും വലിയ നേട്ടമാണ്. പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾക്ക് വലിയ ശ്രദ്ധ നൽകി സുസ്ഥിരതാ മേഖലയിലേക്കുള്ള സീഷോർ ഗ്രൂപ്പിന്റെ ഏകീകരണം അവയർനസ് ആൻഡ് പ്രോഗ്രാം, ഡെവലപ്മെന്റ് ആൻഡ് റിസർച്, റീസൈക്ലിങ് ഇൻഡസ്ട്രി എന്നിങ്ങനെ മൂന്ന് പ്രധാന വകുപ്പുകളിലൂടെ യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകും.
വകുപ്പുകൾക്കിടയിലെ ഏകീകരണം സീഷോർ ഗ്രൂപ്പിന്റെ ബൃഹത്തായ വികസനപ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വർധിപ്പിക്കുന്നുണ്ട്. ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി ലഭ്യമായിട്ടുള്ള എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തിക്കൊണ്ട് സർക്കുലർ സമ്പദ്വ്യവസ്ഥാ നയങ്ങളാണ് സീഷോർ ഗ്രൂപ് സ്വീകരിച്ചിരിക്കുന്നത്.
ഖത്തറിന്റെ വൻകിട വികസനങ്ങളുടെ ചുവടുപിടിച്ച് സുസ്ഥിര ഭാവിക്കായി നല്ല മാറ്റം സൃഷ്ടിക്കാം എന്ന ലക്ഷ്യത്തിലാണ് സുസ്ഥിര വികസനം കൈവരിക്കാൻ ശേഷിയുള്ള സമൂഹമായി രാജ്യത്തെ മാറ്റിയെടുക്കുന്നതിനുള്ള റോഡ് മാപ്പായ ഖത്തർ നാഷനൽ വിഷൻ-2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായുള്ള പ്രവർത്തനങ്ങൾക്ക് സീഷോർ ഗ്രൂപ് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.