ദോഹയിൽ നടന്ന യോഗത്തിൽ ലോക വോളിബാൾ ചലഞ്ചർ കപ്പ് തയാറെടുപ്പുകൾ
വിലയിരുത്തുന്നു
ദോഹ: അടുത്തയാഴ്ച ദോഹ ആസ്പയർ സ്പോർട്സ് ഹാൾ വേദിയാകുന്ന ലോക വോളിബാൾ ചലഞ്ചർ കപ്പ് പോരാട്ടത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തി സംഘാടകർ. ലോകകപ്പ് ഫുട്ബാളിനുശേഷം, ഖത്തറിലെത്തുന്ന പ്രധാന കായികപോരാട്ടങ്ങളിൽ ഒന്നായ വോളി ചലഞ്ചർ കപ്പിനുള്ള തയാറെടുപ്പുകൾ സജീവമായി പുരോഗമിക്കുന്നു. ജൂലൈ 28, 29, 30 തീയതികളിലാണ് ആതിഥേയരായ ഖത്തർ ഉൾപ്പെടെ എട്ട് ടീമുകൾ മാറ്റുരക്കുന്ന ചലഞ്ചർ കപ്പ് നടക്കുന്നത്.
ചിലി, ചൈന, ഡൊമിനിക്കൻ റിപ്പബ്ലിക്, തായ്ലൻഡ്, തുനീഷ്യ, തുർക്കിയ, യുക്രെയ്ൻ എന്നിവരാണ് ടൂർണമെന്റിലെ മറ്റു ടീമുകൾ. ഖത്തർ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് അലി ഗാനിം അൽ കുവാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തയാറെടുപ്പുകൾ വിലയിരുത്തി. ടീമുകൾക്കും കാണികൾക്കുമുള്ള സജ്ജീകരണങ്ങളും മത്സരത്തിനുള്ള സൗകര്യങ്ങളും വിശദീകരിച്ചു. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾതന്നെ ടൂർണമെന്റിനായി ഒരുക്കുന്നതായി അദ്ദേഹം പറഞ്ഞു.
വേദി പ്രഖ്യാപനം വന്ന്, ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ സുപ്രധാന പോരാട്ടത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കുന്ന അഭിമാനത്തിലാണ് ആതിഥേയരായ ഖത്തർ വോളിബാൾ അസോസിയേഷൻ. അഞ്ചു വൻകരകളിൽ നിന്നുള്ള എട്ടു ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ജൂലൈ 28ന് ഖത്തറും തായ്ലൻഡും തമ്മിലാണ് ആദ്യ മത്സരം. അതേ ദിവസങ്ങളിൽ തുനീഷ്യ ചിലിയെയും തുർക്കി ഡൊമിനിക്കൻ റിപ്പബ്ലിക്കിനെയും യുക്രെയ്ൻ ചൈനയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.