ക്യാപ്റ്റൻ അലി അഹ്മദ് അൽ ഐദ്രൂസ് ഖത്തർ ടി.വിയിൽ സംസാരിക്കുന്നു
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ആപിൽ ഏറ്റവും പുതിയ ഒരുപിടി സേവനങ്ങൾ ഉൾപ്പെടുത്തിയതായി വിശദീകരിച്ച് അധികൃതർ.
പാസ്പോർട്ട് അപ് ലോഡ് ചെയ്യുന്നതോടെ വിവരങ്ങൾ റീഡ് ചെയ്യാൻ സഹായകമാവുന്ന പാസ്പോർട്ട് റീഡറും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള നിരവധി അപ്ഡേറ്റുകളും ഉൾകൊള്ളിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസിലെ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ അലി അഹ്മദ് അൽ ഐദ്രൂസ് പറഞ്ഞു.
ലളിതവും സുഗമവുമായ ഉപയോക്തൃ അനുഭവം നൽകുന്നതിന് പുതിയ വിഷ്വൽ ഐഡന്റിറ്റി സ്വീകരിച്ചതായും ഉപയോക്താവിന് മറ്റൊരാളെ സ്വന്തം സേവനം നിർവഹിക്കാൻ അധികാരപ്പെടുത്താൻ അനുവദിക്കുന്ന ഓഥറൈസേഷൻ സേവനങ്ങൾ മെട്രാഷിൽ ആരംഭിച്ചതായും ഖത്തർ ടി.വിയുടെ പ്രത്യേക പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
ഉപയോക്താവിന്റെ പേരിലുള്ള ഫോൺ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നതിനും ഇടപാടുകൾ പൂർത്തിയാക്കുന്നതിനും മറ്റൊരാൾക്ക് അധികാരം നൽകുന്ന സേവനമാണിത്.
കൂടാതെ, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് വ്യക്തിഗത ഐഡി കാർഡ് നൽകുന്നതിനും അല്ലെങ്കിൽ കേടായതോ നഷ്ടപ്പെട്ടതോ ആയ കാർഡിന് പകരം പുതിയത് ഇഷ്യൂ ചെയ്യുന്നത് പോലുള്ള സേവനങ്ങൾ പൂർത്തിയാക്കാനുള്ള പുതിയ ഐക്കൺ ചേർക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സേവനങ്ങൾ സുഗമമാക്കുന്നതിനായി ചില സേവനങ്ങൾ സംയോജിപ്പിക്കുകയും ചെയ്തു. നിയമലംഘന സേവനത്തിൽ പ്രതികരണം നൽകുക, പണമടക്കുക, നിയമലംഘനം ചിത്രസഹിതം സ്ക്രീനിൽ പ്രദർശിപ്പിക്കൽ തുടങ്ങിയ സൗകര്യവും ഉൾപ്പെടുത്തി.
ലേബർ റിക്രൂട്ട്മെന്റ് സേവനത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. റിക്രൂട്ട്മെന്റ് അംഗീകാരത്തിനുള്ള അഭ്യർഥന സമർപ്പിക്കുകയും വിസയുടെയോ വിസ ഉടമയുടെയോ വിവരങ്ങൾ ചേർത്ത് നടപടികൾ പൂർത്തിയാക്കുകയും ചെയ്ത് കഴിഞ്ഞാൽ അതേ സ്ക്രീനിൽനിന്നു തന്നെ തുടർനടപടികളേക്ക് പ്രവേശിക്കാനും തൊഴിൽ കരാർ അറ്റാച്ച് ചെയ്യാനും സാധിക്കും -അദ്ദേഹം വിശദീകരിച്ചു.
വിവരങ്ങൾ പൂരിപ്പിക്കുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് പാസ്പോർട്ട് റീഡർ പോലുള്ള സേവനങ്ങളും മെട്രാഷിൽ ചേർത്തിട്ടുണ്ട്. പുതിയ സേവനങ്ങളും അപ്ഡേറ്റുകളും ലഭിക്കുന്നതിന് ആപ് സ്റ്റോറുകൾ വഴി ആപ്ലിക്കേഷന്റെ പുതിയ അപ്ഡേറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2024 ഡിസംബറിലാണ് പുതിയ മെട്രാഷ് ആപ് ആഭ്യന്തര മന്ത്രാലയം ലോഞ്ച് ചെയ്തത്. ഈ വർഷം മാർച്ച് ഒന്നിന് പഴയ ആപ് മന്ത്രാലയം നിർത്തലാക്കുകയും ചെയ്തിരുന്നു.
സേവനങ്ങളിലേക്ക് വേഗത്തിലുള്ള ആക്സസ്, സംയോജനം, ചില സേവനങ്ങൾക്കാവശ്യമായ വിവിധ ഘട്ടങ്ങളിൽ കുറവ് വരുത്തൽ, ആപ്പിൾ പേ പോലുള്ള ആധുനിക പണമിടപാട് രീതികൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് പുതിയ ആപ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.