ദോഹ: രാജ്യത്തെ വാഹന വിപണി മുൻ വർഷങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി ദേശീയ ആസൂത്രണ സമിതി റിപ്പോർട്ട്. സാമ്പത്തിക വളർച്ചയും ജനസംഖ്യയിലെ ക്രമാനുഗതമായ വർധനയും പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടാൻ പ്രേരിപ്പിച്ചതോടെയാണ് വിൽപനയിൽ വർധനയുണ്ടായത്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 53,558 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി ദേശീയ ആസൂത്രണ സമിതി പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2023 ഇതേ കാലയളവിൽ 47,111 വാഹനങ്ങൾ മാത്രമായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 13.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 മേയ് മാസത്തിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് (8903). 8512 വാഹനങ്ങളുമായി ജനുവരി മാസമാണ് രണ്ടാമത്. സാമ്പത്തിക വളർച്ചയിലെ സുസ്ഥിരതയും ജനസംഖ്യ ഉയർച്ചയുമാണ് ഓട്ടോമൊബൈൽ വിൽപനയിലെ വർധനക്ക് കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ദേശീയ ആസൂത്രണ സമിതി കണക്കുകൾ പ്രകാരം ആഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ ജനസംഖ്യ 3.054 ദശലക്ഷമായി ഉയർന്നിട്ടുണ്ട്.
2008 ഒക്ടോബർ അവസാനത്തോടെ 15.4 ലക്ഷമായിരുന്ന രാജ്യത്തിന്റെ ജനസംഖ്യം 16 വർഷം പിന്നിടുമ്പോൾ ഇരട്ടിയായി വർധിച്ചു. കഴിഞ്ഞ ദശകങ്ങളിൽ രാജ്യം സാക്ഷ്യം വഹിച്ച ശ്രദ്ധേയമായ സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യങ്ങളിലെ വലിയ വികസനവുമാണ് ജനസംഖ്യയിലെ ഉയർച്ചക്ക് പ്രധാന കാരണം. 2024 ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യ രേഖപ്പെടുത്തിയത്- 31.28 ലക്ഷം.
സാമ്പത്തിക വളർച്ചക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും ശേഷം വിഷൻ 2030ന് അനുസൃതമായി സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളിലാണ് ഖത്തർ. ഈ വർഷം ഖത്തറിന്റെ ജി.ഡി.പി 2.2 ശതമാനം വളർച്ച എത്തുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ കണക്കുകൂട്ടൽ. 2025ഓടെ ഇത് 2.9 ശതമാനമായി ഉയരുമെന്നും വിദഗ്ധർ പ്രവചിക്കുന്നു.
മൂന്നാം ദേശീയ വികസന നയം പ്രകാരം 2030ഓടെ എണ്ണയിതര മേഖലയിൽ നിന്നുള്ള ജി.ഡി.പി നാല് ശതമാനം വളർച്ച കൈവരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ദശകത്തിന്റെ അവസാനത്തോടെ 100 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കാനും വികസന നയം ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.