ദോഹ: കഴിഞ്ഞ ഏതാനും മാസങ്ങളായി കൂടിയ വിലക്ക് വിൽപ്പന നടത്തിയിരുന്ന പച്ചക്കറികൾക്ക് വില കുറഞ്ഞുതുടങ്ങി. സൗദി അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന പച്ചക്കറികളുടെ വരവ് നിലച്ചതോടെ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് വിപണിയെ നിയന്ത്രിച്ചിരുന്നത്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്കാകട്ടെ മികച്ച വിലയാണ് ഉപഭോക്താവ് നൽകേണ്ടി വരുന്നത്. എന്നാൽ ഏതാനും ദിവസങ്ങളായി പ്രാദേശികമായി കൃഷി ചെയ്ത പച്ചക്കറികൾ വിപണിയിൽ എത്തി. ഇതോടെ വലിയ തോതിൽ വിലക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയതായാണ് വിലയിരിത്തപ്പെടുന്നത്.
കക്കിരി, കൂസ, ശമ്മാം, വഴുതിനങ്ങ, ചെറുനാരങ്ങ, മത്തൻ, തണ്ണിമത്തൻ, ഖസ്സ്, മല്ലിയില, ചീര, പൊതീന തുടങ്ങി വിവിധയിനം പച്ചക്കറികളാണ് പ്രാദേശികമായി കൃഷി ചെയ്ത് വിപണിയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആറ് കിലോ ഉണ്ടായിരുന്ന കക്കിരിക്ക് ഇരുപത് റിയാലാണ് മൊത്ത മാർക്കറ്റിലെ വില. ആറ് കിലോ വരുന്ന തക്കാളിയും ഇരുപത് റിയാലിന് തന്നെ ലഭ്യമായി തുടങ്ങി. അഞ്ച് കിലോ വരുന്ന വഴുതിനങ്ങക്ക് പതിനഞ്ച് റിയാലാണ് വില.
വിവിധ രാജ്യങ്ങളിൽ നിന്ന് കരമാർഗം പച്ചക്കറികൾ എത്തിയിരുന്നത് ഉപരോധത്തെ തുടർന്ന് പൂർണമായി നിലച്ചിരുന്നു. ഇത് മറികടക്കാൻ തുർക്കിയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വിമാന മാർഗമാണ് പച്ചക്കറികൾ എത്തിയിരുന്നത്. സ്വദേശി കർഷകർ കാർഷിക രംഗത്ത് സജീവമായതോടെ ആവശ്യത്തിനുള്ള പച്ചക്കറികൾ ഇവിടെ തന്നെ ലഭ്യമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. വരും ദിനങ്ങളിൽ കൂടുതൽ സ്വദേശി ഉൽപന്നങ്ങൾ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.