അൽറീം റിസർവ് മേഖല
ദോഹ: പുൽമേടുകളും സസ്യജാലങ്ങളും നിറഞ്ഞ പ്രദേശങ്ങൾ (റിസർവ് മേഖലകൾ) സംരക്ഷിക്കുന്നതിനായി രാജ്യത്തെ 50ലധികം മേഖലകളിൽ വിവിധ പദ്ധതികളുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. വിവിധയിടങ്ങളിൽ ഇത്തരം പ്രദേശങ്ങൾ നിലവിൽതന്നെ വേലികെട്ടി സംരക്ഷിച്ചുകഴിഞ്ഞു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമായി സഹകരിച്ച് മന്ത്രാലയത്തിന് കീഴിലെ പരിസ്ഥിതി സംരക്ഷണ, വന്യജീവി വകുപ്പാണ് വേലി നിർമിക്കുന്നത്. മഴക്കാലത്തും വസന്തകാലത്തും മരുഭൂമിയിലെ ധാരാളം സസ്യങ്ങൾ വളരുന്ന ഇത്തരം പ്രദേശങ്ങളിൽ അനധികൃതമായി നിരവധി സന്ദർശകരെത്തുന്നുണ്ട്. ഇത് തടയുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
സംരക്ഷിതപ്രദേശം വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു
സംരക്ഷിക്കപ്പെട്ട അധിക പ്രദേശങ്ങളിലും വാഹനങ്ങളുടെ പ്രവേശനമാണ് വിലക്കിയിരിക്കുന്നത്. കാൽനടയായി ഇതിലേക്ക് പ്രവേശിക്കാനുള്ള അനുമതി അധികൃതർ നൽകിയിട്ടുമുണ്ട്. രാജ്യത്ത് അന്യംനിന്നുപോകുന്ന പുൽത്തകിടികളുടെയും പുൽമേടുകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് പ്രവേശനം പൂർണമായും വിലക്കുന്നുണ്ട്. രാജ്യത്തെ പ്രധാന വന്യസസ്യങ്ങളുടെ വിത്തുകളത്രയും ഇതുപോലെയുള്ള പ്രദേശങ്ങളിലാണുള്ളത്. വിവിധ പ്രദേശങ്ങളുടെ പ്രാധാന്യമനുസരിച്ചാണ് ഇവയെ വേലികെട്ടി സംരക്ഷിക്കുന്നത്. സസ്യങ്ങളുടെ വളർച്ച, പരിസ്ഥിതി സാമൂഹിക പ്രാധാന്യം, ഭീഷണി നേരിടുന്ന പുൽമേടുകൾ, അപൂർവയിനം സസ്യങ്ങളും ജന്തുക്കളും ഉൾപ്പെടുന്ന പ്രദേശങ്ങൾ, വടക്കൻ പ്രദേശങ്ങളിലെ ഉയർന്ന വനസാന്ദ്രതയുള്ള പ്രദേശങ്ങൾ, അൽ റീം സംരക്ഷിതപ്രദേശം എന്നിവയെല്ലാം ഇതിലുൾപ്പെടും.
ഏറെ പ്രസിദ്ധമായ അൽ ശുആ സംരക്ഷിതപ്രദേശവും (റിസർവ്) വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. അൽഖോർ-ദഖീറ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന അൽ ശുആ സംരക്ഷിതപ്രദേശം ഇരട്ടി വ്യാപ്തിയിലാക്കുകയാണ് ലക്ഷ്യം. നിലവിൽ 13,000 ചതുരശ്ര മീറ്റർ വിസ്തീർണമാണ് റിസർവിനുള്ളത്. അൽഖോർ പ്രദേശത്തെ കുടുംബങ്ങളുടെയും കുട്ടികളുടെയും ഇഷ്ടകേന്ദ്രമാണ് അൽ ശുആ റിസർവ്. 14 ഇനങ്ങളിൽപെട്ട മൃഗങ്ങളും പക്ഷികളും ഇവിടെയുണ്ട്. ഒട്ടകപ്പക്ഷി, ടർക്കി പക്ഷി, വ്യത്യസ്ത ഇനം കോഴികൾ, പ്രാവുകൾ, താറാവുകൾ, മയിലുകൾ, അറേബ്യൻ ഒറിക്സ്, ഗാസൽസ്, വലിയ ആമകൾ, ആടുകൾ, മുയലുകൾ, കുതിരകൾ എന്നിവയെല്ലാം ഉണ്ട്. ധാരാളം മരങ്ങളും ഹരിതപ്രദേശങ്ങളും റിസർവിെൻറ മറ്റൊരു സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.