കുട്ടികൾക്കും കുത്തിവെപ്പ്​

ദോഹ: അഞ്ചുവയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്കും ഇനിമുതൽ വാക്സിൻ സ്വീകരിക്കാം.

കുട്ടികൾക്ക് ഫൈസർ–ബയോൻടെക് വാക്സിൻ നൽകാനുള്ള തീരുമാനത്തിന് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയതിനുപിന്നാലെ രാജ്യത്തെ മുഴുവൻ ഹെൽത്ത് സെൻററുകളിലും ഞായറാഴ്ച മുതൽ കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചു.

അഞ്ചുമുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് മൂന്നാഴ്ച ഇടവേളയിൽ രണ്ട് ഡോസ്​ ഫൈസർ വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അതേസമയം, കുട്ടികൾക്കുള്ള വാക്സിൻ നിർബന്ധമാക്കിയിട്ടില്ല.

അഞ്ചിനും 11നും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധശേഷി നൽകുമെന്നുമുള്ള പ്രാദേശിക അന്തർദേശീയ പഠനഫലങ്ങളെ ആധാരമാക്കിയാണ് കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനത്തിലെത്തിയതെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതു സംബന്ധിച്ച ക്ലിനിക്കൽ പരീക്ഷണ റിപ്പോർട്ടുകൾ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മുതിർന്നവർക്ക്​ നൽകുന്ന ഡോസിന്‍റെ മൂന്നിൽ ഒരു ഭാഗം മാത്രമായിരിക്കും കുട്ടികൾക്ക്​ ​കുത്തിവെക്കുക.

നിലവിൽ 12ന് മുകളിൽ പ്രായമുള്ള എല്ലാ വിഭാഗങ്ങൾക്കും ഖത്തറിൽ വാക്സിൻ നൽകുന്നുണ്ട്​.

ഈ പ്രായക്കാർക്കുള്ള ബൂസ്​റ്റർ ഡോസ്​ വാക്സിനേഷനും സജീവമാണ്​.

കോവിഡിൽ നിന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സുപ്രധാന ചുവടുവെപ്പാണ് അഞ്ചിനും 11നും ഇടയിലുള്ളവർക്ക്​ വാക്സിൻ നൽകുന്നതെന്നും നിലവിൽ ഒമി​​​​​​േക്രാൺ വകഭേദം കുട്ടികളിൽ കൂടുതലായി കണ്ടെത്തിയിട്ടുള്ളത് കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന്റെ പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

മുൻ തരംഗങ്ങള അപേക്ഷിച്ച്കോവിഡിന്റെ മൂന്നാം തരംഗത്തിൽ ചില കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി അവർക്ക് വാക്സിൻ നൽകാൻ മാതാപിതാക്കളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

പി.എച്ച്.സി.സിക്ക് കീഴിലുള്ള മുഴുവൻ ഹെൽത്ത് സെൻററുകളിലും കുട്ടികൾക്കുള്ള വാക്സിൻ ലഭ്യമാണ്.

വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ കുട്ടികളുടെ രക്ഷിതാക്കൾ 40277077 നമ്പറിൽ പി.എച്ച്.സി.സിയുമായി ബന്ധപ്പെട്ട് അപ്പോയിൻമെൻറ് എടുക്കണം. അതേസമയം, അപ്പോയിൻമെൻറില്ലാതെയും ഈ പ്രായവിഭാഗങ്ങൾക്ക്​ വാക്സിൻ ലഭിക്കുമെന്ന്​ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Vaccination for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.