ദോഹയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദോഹ: സൗദി അറേബ്യയിലെ സന്ദർശനത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തറിൽ. ബുധനാഴ്ച രാവിലെ റിയാദിൽ ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെയാണ് ഹമദ് വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തി സ്വീകരിച്ചു. വൻ നിക്ഷേപങ്ങളും, കരാറുകളുമായി ശ്രദ്ധേയമായ സൗദി സന്ദർശനത്തിനു പിന്നാലെ ഖത്തറിലും വ്യാഴാഴ്ച യു.എ.ഇയിലുമെത്തുന്ന അമേരിക്കൻ പ്രസിഡന്റിന്റെ പശ്ചിമേഷ്യൻ പര്യടനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ കാര്യമായ മുന്നേറ്റവും ട്രംപ് സന്ദർശനത്തോടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇസ്രായേൽ-ഹമാസ് പ്രതിനിധികൾ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തി വെടിനിർത്തൽ ചർച്ചകൾ വീണ്ടും സജീവമാക്കിയത് സമാധാന സാധ്യതകൾ വർധിപ്പിക്കുന്നു. സ്റ്റീവ് വിറ്റ്കോഫ് പ്രധാനമന്ത്രി നെതന്യാഹുവുമായി ബുധനാഴ്ച രാവിലെ ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും, അടിയന്തര വെടിനിർത്തൽ ആവശ്യവുമാണ് റിയാദിൽ വിവിധ ഗൾഫ് രാഷ്ട്ര നേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിൽ പ്രധാനമായും ഉയർന്നത്. ട്രംപ് കൂടി പങ്കെടുത്ത ഉച്ചകോടിയുടെ തുടർച്ചയെന്ന നിലയിൽ ദോഹയിലെത്തുമ്പോൾ പുതിയ നീക്കങ്ങളുണ്ടാകുമെന്നും ലോകം പ്രതീക്ഷിക്കുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
ദോഹയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
22 വർഷത്തിനു ശേഷം ഒരു അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് വേദിയാകുന്ന ഖത്തർ വൻ വരവേൽപാണ് അമേരിക്കൻ പ്രസിഡന്റിനായി ഒരുക്കിയത്. അമേരിക്കൻ, ഖത്തർ ദേശീയ പതാകകളുമായി ദോഹ കോർണിഷ് ഉൾപ്പെടെ നേരത്തെതന്നെ അലങ്കരിച്ചിരുന്നു. വൻ സുരക്ഷാ ക്രമീകരണമാണ് നഗരത്തിലുടനീളം ഒരുക്കിയത്. പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെ ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡുകളും അടച്ചു. യാത്രക്കാർ ദോഹ മെട്രോ സേവനം ഉപയോഗപ്പെടുത്തണമെന്ന് ഹമദ് വിമാനത്താവളം അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.