സ്ഥാനമൊഴിയുന്ന ഖത്തറിലെ അമേരിക്കൻ അംബാസഡർ ടിമ്മി ഡേവിസ് അമീർ ശൈഖ്
തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഖത്തറിലെ സേവനകാലാവധി പൂർത്തിയാക്കി മടങ്ങുന്ന അമേരിക്കൻ അംബാസഡർ ടിമ്മി ഡേവിസ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ലുസൈൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറിലെ തന്റെ സേവന കാലാവധിയിൽ നൽകിയ പിന്തുണക്കും, അമേരിക്കയും ഖത്തറും തമ്മിലെ ശക്തമായ നയതന്ത്ര സൗഹൃദം കെട്ടിപ്പടുക്കുന്നതിലെ പങ്കിനും അംബാസഡർ നന്ദി അറിയിച്ചു. കഴിഞ്ഞ കാലയളവിൽ ഖത്തർ അമീറിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും മികച്ച സഹകരണമായിരുന്നു ലഭ്യമായതെന്നും കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. പുതിയ ദൗത്യത്തിലേക്ക് നീങ്ങുന്ന അമേരിക്കൻ അംബാസഡർക്ക് അമീറും പ്രധാനമന്ത്രിയും ആശംസകൾ നേർന്നു.
യു.എസ് എംബസിയുടെ ‘എക്സ്’ പേജിലൂടെ അംബാസഡർ വൈകാരികമായി തന്നെ യാത്രചോദിച്ചിരുന്നു. വിവിധ വിഷയങ്ങളിൽ ഖത്തറിന്റെ ഇടപെടലുകളെയും, അന്താരാഷ്ട്ര തലത്തിലെ നയതന്ത്ര, സമാധാന ദൗത്യത്തെയും ടിമ്മി ഡേവിസ് പ്രശംസിച്ചു. മുൻ സൈനികൻ കൂടിയായ ടിമ്മി ഡേവിസ് 2022 സെപ്റ്റംബറിലാണ് ഖത്തറിലെ അമേരിക്കൻ അംബാസഡറായി സ്ഥാനമേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.