തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരണം: ആശങ്കയുമായി പ്രവാസികൾ

ദോഹ: കേരളത്തിലെ ആദ്യവിമാനത്താവളമായ തിരുവനന്തപുരം അദാനി ഗ്രൂപ്പിന്​ നൽകി കേന്ദ്രസർക്കാർ സ്വകാര്യവത്​ കരിക്കു​േമ്പാൾ ആശങ്കയുമായി പ്രവാസികൾ. ഇനി സംസ്​ഥാനത്ത്​ പൊതുമേഖലയിൽ അ​വശേഷിക്കുന്നത്​ കോഴിക്കോട്​ വിമാനത്താവളം മാത്രമാകും. സംസ്​ഥാന സർക്കാറിൻെറ എതിർപ്പുതള്ളിയാണ്​ തിരുവനന്തപുരം വിമാനത്താവളം അദാനി ​ ഗ്രൂപ്പിന്​ 50 വർഷത്തെ പാട്ടത്തിന്​ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. നിലവിൽ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. ഇനി വിമാനത്താവള നടത്തിപ്പ്​, വിപുലീകരണം എന്നിവയെല്ലാം പൊതുസ്വകാര്യപങ്കാളിത്ത പ്രകാരം അദാനി ഗ്രൂപ്പിൻെറ കൈകളിലാകും. നിലവിൽ അദാനി ​ഗ്രൂപ്പിന്​ വിമാനത്താവളങ്ങൾ നടത്തി പരിചയമില്ല. ഇതിനാൽ തന്നെ പല രൂപത്തിൽ കേന്ദ്രസകർക്കാർ തീ​രുമാനം പ്രവാസികളടക്കമുള്ള വിമാനയാത്രക്കാരെ പ്രതികൂലമായി ബാധിക്കും.

കൊച്ചിയും കണ്ണൂരും പോലെ വിമാനത്താവള നടത്തിപ്പിൽ പരിചയമുള്ള സംസ്​ഥാന സർക്കാറിനെ തഴഞ്ഞാണ്​​ തിരുവനന്തപുരം അദാനിക്ക്​ നൽകിയത്​. ഈ നീക്കത്തെ തടയാൻ കേരള സർക്കാറും കേരള വ്യവസായ വികസന കോർപറേഷനും (കെ.എസ്​.ഐ.ഡി.സി) ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

വിമാനത്താവളത്തിൻെറ നടത്തിപ്പ്​ ലേലത്തിൽ പിടിക്കാനുള്ള കെ.എസ്​.ഐ.ഡി.സിയുടെ ശ്രമവും ഫലംകണ്ടില്ല. ഓരോയാത്രക്കാരന്​ വേണ്ടിയും വിമാനത്താവള അതോറിറ്റിക്ക്​ നൽകാനുള്ള ഉയർന്ന തുക അദാനി ഗ്രൂപ്പാണ്​ ലേലത്തിൽ രേഖപ്പെടുത്തിയത്​. 168 രൂപ അദാനി​ രേഖപ്പെടുത്തിയപ്പോൾ 135 രൂപയാണ്​ കെ.എസ്​.ഐ.ഡി.സി രേഖപ്പെടുത്തിയിരുന്നത്​. ഇതോടെയാണ്​ വിമാനത്താവളം അദാനിയിലേക്ക്​ പോയത്​.

തിരുവനന്തപുരം രാജകുടുംബം 1935ൽ സ്​ഥാപിച്ച വിമാനത്താവളത്തിൻെറ ഭൂമിയുടെ അവകാശം നിലവിൽ​ സംസ്​ ഥാനസർക്കാറിനാണ്​. ആകെ 635 ഏക്കർ ഭൂമിയാണുള്ളത്​. 1991ലാണ്​ അന്താരാഷ്​ട്ര പദവി ലഭിച്ചത്​. ഇതിന്​ ശേഷമാണ്​ പുതിയ ടെർമിനൽ വന്നത്​. നിലവിൽ കൂടുതൽ വികസന നടപടികൾ പുരോഗമിക്കുകയുമാണ്​. ഈ സന്ദർഭത്തിലാണ്​ സ്വകാര്യവത്​കരണം.

യാത്രാചെലവ്​ കൂടുമോ?

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരിക്കുന്നതോടെ യാത്രാ​ ഇനത്തിൽ കൂടുതൽ ചെലവ്​ വരുമെന്ന ആശങ്കയിലാണ്​ പ്രവാസികൾ. നിലവിൽതന്നെ തിരുവനന്തപുരത്ത്​ യൂസേഴ്​സ്​ ഫീസ്​ വാങ്ങുന്നുണ്ട്​. ഈ ഫീസ്​ ഇനിയും കൂടാൻ സാധ്യതയുണ്ട്​. അദാനി ​ഗ്രൂപ്പ്​ ഏറ്റെടുത്തതിന്​ ശേഷം നടക്കുന്ന വികനപ്രവൃത്തികൾക്കുള്ള ചെലവ്​ യാത്രക്കാരിൽ നിന്ന്​ പ്രത്യേക ഫീസ്​ ഇനത്തിൽ ഈടാക്കുമോ എന്ന കാര്യവും കണ്ടറിയണം. ഓരോയാത്രക്കാരന്​ വേണ്ടിയും വിമാനത്താവള അതോറിറ്റിക്ക്​ 168 രൂപയാണ് അദാനി ​ഗ്രൂപ്പ്​ നൽകേണ്ടത്​. യാത്രക്കാർ കുറയുന്ന ഘട്ടത്തിലോ മറ്റോ കൂടുതൽ തുക യാത്രക്കാരിൽ നിന്ന്​ തന്നെ ഈടാക്കുന്ന അവസ്​ഥയും വരും. നിലവിൽ അദാനി ഗ്രൂപ്പിന്​ വിമാനത്താവളങ്ങൾ നടത്തി പരിചയമില്ല.

എയർപോർട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ ഉടമസ്​ഥതയിൽ ആണ്​ വിമാനത്താവളമെങ്കിൽ യാത്രക്കാരുടെ പ്രശ്​നങ്ങൾ അവതരിപ്പിക്കാൻ എളുപ്പത്തിൽ സാധിക്കുമായിരുന്നു. യാത്രക്കാരുടെ സംഘടനകൾക്കും മറ്റും പരാതികൾ പരിഹരിക്കാൻ കൂടുതൽ സാധിക്കുമായിരുന്നു. സ്വകാര്യഗ്രൂപ്പ്​ വരുന്നതോടെ ഇനി കാര്യങ്ങൾ ഏത്​ രൂപത്തിലാവുമെന്ന്​ ആശങ്കയുണ്ടെന്നും പ്രവാസികൾ ആശങ്കപ്പെടുന്നുണ്ട്​.


അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി

കേന്ദ്രത്തി​േൻറത്​ വിചിത്ര വ്യവസ്ഥകൾ -റഊഫ്​ കൊണ്ടോട്ടി

150 കോടി ലാഭത്തിൽ പ്രവർത്തിക്കുന്നതും 201718, 1819 സാമ്പത്തിക വർഷങ്ങളിൽ 44 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തതുമായ വിമാനത്താവളമാണ്​ തിരുവനന്തപുരം. ഈ യാത്രക്കാരിലെ 56 ശതമാനവും അന്താരാഷ്​ട്ര യാത്രക്കാരായിരുന്നു. വളരെ ധൃതി പിടിച്ചതും ഏറെ വിചിത്ര വ്യവസ്ഥകളുമാണ് എയർപോർട്ടുകൾ വാങ്ങാൻ കേന്ദ്ര സർക്കാർ വെച്ചിട്ടുള്ളതെന്നാണ് പ്രധാന ആരോപണമെന്ന്​ ഖത്തറിലെ പ്രവാസി സാമൂഹിക പ്രവർത്തകൻ അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി പറയുന്നു.

സ്വകാര്യമേഖലയിൽ വിമാനത്താവളം വരുന്നതോടെ സാധാരണ യാത്രക്കാർക്ക്​ ഏ​െറ ദോഷകരമായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്​.
എയർപോർട്ട് നടത്തിപ്പിലെ സാങ്കേതിക പരിജ്ഞാനത്തിന് പ്രാധാന്യം നൽകാതെ ലേലത്തിൽ പ​ങ്കെടുക്കാനുള്ള കമ്പനികളുടെ യോഗ്യതയായി വെച്ച കാര്യങ്ങൾ മൂലം കേരളത്തിലെ പ്രമുഖ പൊതുമേഖലാസ്​ഥാപനങ്ങൾക്കുപോലും ലേലത്തിൽ പ​ങ്കെടുക്കാൻ കഴിയാതെ വന്നുവെന്നും അദ്ദേഹം പറഞ്ഞു.ലേലത്തിൻെറ പ്രീ ക്വാളിഫിക്കേഷനായി നൽകിയിട്ടുള്ളത്, ആ കമ്പനിക്ക്​ ആയിരം കോടിയുടെ മൊത്തം ആസ്​തി വേണമെന്നതാണ്​. കഴിഞ്ഞ ഏഴു വർഷത്തെ വരുമാനം 3,500 കോടി നേടിയിരിക്കണമെന്നുമുണ്ടായിരുന്നു. ഒരു സബ്സിഡിയറിയെ കൂട്ടുകയാണെങ്കിൽ രണ്ട് കമ്പനികളിൽ ഒരോ കമ്പനിക്കും 3,500 കോടിയുടെ 50 ശതമാനം വീതം വേണമെന്നതുമാണ്.

ഇനി സബ്സിഡിയറിയടക്കം മൂന്ന് കമ്പനികളെ കൂട്ടുകയാണെങ്കിൽ 3,500 കോടിയുടെ 40ശതമാനം അതായത്, 1,400 കോടി വരുമാനം ഒരോ കമ്പനിക്കും വേണമെന്നുമായിരുന്നു.
ഈ സന്ദർഭത്തിൽ കൊച്ചിൻ എയർപോർട്ട് മാനേജ്മെൻറായ സിയാലിനെയാണ് ലേലത്തിൽ പങ്കെടുക്കാൻ കേരള സർക്കാർ നിശ്ചയിച്ചത്.

എന്നാൽ, മേൽ മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ കൊച്ചിൻ എയർപോർട്ടിന് പോലും ഇതിൽ പങ്കെടുക്കുവാൻ സാധിക്കുകയില്ല. സിയാലിൻെറ വാർഷിക റിപ്പോർട്ട് അനുസരിച്ച് ഏഴ് വർഷ വരുമാനം 2,923 കോടിയാണ്​. ഇനി സിയാലിൻെറ 99 ശതമാനം ഓഹരി പങ്കാളിത്തമുള്ള അഞ്ച് കമ്പനികളിലെ വരുമാനദായകമായ മൂന്ന് കമ്പനികളിലെ വരുമാനവും കൂട്ടിയാൽ 3, 201 കോടി മാത്രമേ ആവുകയുള്ളൂ.

ഇതിനാലാണ് സർക്കാർ തിരുവനന്തപുരം എയർപോർട്ടിനായി ട്രിവാൻഡ്രം ഇൻറർനാഷനൽ എയർപോർട്ട്​ ലിമിറ്റഡ്​ (ടിയാൽ) എന്ന കമ്പനി രൂപവത്​കരിച്ച്​ ടെണ്ടറിൽ പ​ങ്കെടുത്തത്​. ചീഫ് സെക്രട്ടറി ചെയർമാനും, ധനകാര്യ, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിമാർ ഡയറക്ടർമാരായി രൂപീകരിച്ച കമ്പനി ബിഡിൽ പങ്കെടുക്കുകയാണെങ്കിൽ പ്രഥമ പരിഗണന നൽകണമെന്നും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതൊന്നും കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.