കാർബൺ ബഹിർഗമനം കണ്ടെത്താൻ ട്രാക്കിങ് ആപ്
ദോഹ: പശ്ചിമേഷ്യയിലെ ആദ്യ കാർബൺ ഫൂട്പ്രിൻറ് ട്രാക്കിങ് ആപ് ഖത്തറിൽ ആരംഭിച്ചു. ഭൗമദിനത്തോടനുബന്ധിച്ച് ഖത്തർ അറബ് യൂത്ത് ക്ലൈമറ്റ് മൂവ്മെൻറാണ് (എ.വൈ.സി.എം.ക്യു) ആപ് പുറത്തിറക്കിയിരിക്കുന്നത്. ഖത്തറിലെ അമേരിക്കൻ എംബസി ഗ്രാൻഡ് ഫണ്ടിങ് പിന്തുണയോടെയാണ് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.വൈ.സി.എം.ക്യു പുതിയ സംരംഭവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം എ.വൈ.സി.എം.ക്യു ആരംഭിച്ച ഗാർഹിക കാർബൺ ഫൂട്പ്രിൻറ് സംരംഭ ഭാഗമായാണ് പുതിയ ആപ് പുറത്തിറക്കിയിരിക്കുന്നത്. ആപ് ലോഞ്ചിങ് ചടങ്ങിൽ അമേരിക്കൻ എംബസി ചാർജ് ഡി അഫയേഴ്സ് ഇയാൻ മക്കറി, എ.വൈ.സി.എം.ക്യു എക്സിക്യൂട്ടിവ് ഡയറക്ടർ നിഷാദ് ഷാഫി, പദ്ധതിയുടെ ഡയറക്ടറും പ്രോജക്ട് ലീഡുമായ ഡോ. സയീദ് മുഹമ്മദ്, ഡയറക്ടർ ഹിസ്സ അൽ നഈമി, മന്ത്രാലയ ഉദ്യോഗസ്ഥർ, എംബസി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വ്യക്തിയുടെയോ സമൂഹത്തിന്റെയോ പ്രവർത്തനങ്ങൾ കാരണം അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബൺഡൈ ഓക്സൈഡിന്റെ അളവിനെയാണ് കാർബൺ ഫൂട്പ്രിൻറ് എന്ന് പറയുന്നത്. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കാൻ സഹായിക്കുന്ന പാരിസ്ഥിതിക പദ്ധതികൾക്ക് ധനസഹായം നൽകി കാർബൺ ഫൂട്പ്രിൻറുകൾ സന്തുലിതമാക്കുകയാണ് കാർബൺ ഓഫ്സെറ്റിന്റെ പ്രധാന ലക്ഷ്യം.അതേസമയം, കാർബൺ ഫൂട്പ്രിൻറ് ട്രാക്കിങ് ആപ്പിന്റെ ഉപയോഗം സംബന്ധിച്ച് 700ലധികം അധ്യാപകരെയും വിവിധ സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർഥികളെയും പരിശീലിപ്പിച്ചിട്ടുണ്ടെന്നും, ഉടൻതന്നെ രണ്ടായിരത്തോളം വീടുകളിലേക്ക് ഇതെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹിസ്സ അൽ നുഐമി പറഞ്ഞു.
നേരത്തെ, ഗാർഹികാടിസ്ഥാനത്തിൽ പുറന്തള്ളപ്പെടുന്ന കാർബൺ അളവ് തിട്ടപ്പെടുത്തുന്നതിനും ഊർജ സ്രോതസ്സുകളുടെ ഉപഭോഗം മനസ്സിലാക്കുന്നതിനും നടത്തുന്ന സർവേക്കായി 700ലധികം അധ്യാപകർ പരിശീലനം പൂർത്തിയാക്കിയതായും പദ്ധതിയിൽ 20 സ്കൂളുകൾ ഉൾപ്പെടുന്നതായും എ.വൈ.സി.എം.ക്യു അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയം, കാലവസ്ഥ വകുപ്പ്, സുസ്ഥിരത വിഭാഗം പ്രത്യേക പ്രതിനിധി ബദെർ അൽ ദഫ, യുനെസ്കോ ജി.സി.സി ആൻഡ് യമൻ ഡയറക്ടർ ഡോ. അന്ന പൗലിന എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ വർഷമാണ് സർവേ ആരംഭിച്ചത്.
മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി സർവേ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് എ.വൈ.സി.എം.ക്യു. 2030ഓടെ 25 ശതമാനം കാർബൺ ഫൂട്പ്രിൻറ് കുറക്കുകയെന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ ഖത്തർ ദേശീയ കാലാവസ്ഥ വ്യതിയാന കർമപദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.