ദോഹ: പ്രഭാതകിരണങ്ങൾക്കൊപ്പം ഉന്മേഷത്തിന്റെ പുതുവീര്യവുമായി ഖത്തറിന്റെ മണ്ണും മനസ്സും ഇന്ന് സ്പോർട്സ് ട്രാക്കിൽ. അതിരാവിലെ പാർക്കുകളിലേക്കും കോർണിഷ് തീരത്തേക്കും എജുക്കേഷൻ സിറ്റിയിലേക്കും ലുസൈലിലേക്കുമെല്ലാം ജനങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തും. ഇവിടെയൊതുങ്ങുന്നില്ല, ഖത്തറിന്റെ കായികാവേശം. വർണാഭമായ കായിക മാമാങ്കത്തിൽ വിനോദവും ആവേശവും നിറച്ച് മുശൈരിബ് ഡൗൺ ടൗൺ, പേൾ ഖത്തർ, ആസ്പയർ പാർക്ക്, വിവിധ പൊതു പാർക്കുകൾ, വിവിധ മാളുകൾ തുടങ്ങി നാടൊന്നാകെ കായികാഭ്യാസങ്ങളുടെ ഭാഗമാകും. ശാരീരിക പ്രവർത്തനങ്ങളെയും ആരോഗ്യകരമായ ജീവിതശൈലികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഐ ചോസ് സ്പോർട്സ്' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ദേശീയ കായികദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
സർക്കാർ -അർധ സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും വിവിധ പ്രവാസി കൂട്ടായ്മകളും സംയുക്തമായി ഒരുക്കുന്ന വിപുലമായ കായിക പരിപാടികളാണ് ഇന്ന് രാജ്യത്തുടനീളം നടക്കുന്നത്. രാജ്യത്തെ പ്രധാന പാർക്കുകളും സ്റ്റേഡിയങ്ങളും പൊതുയിടങ്ങളും ജനസാഗരമായി മാറും. കുട്ടികൾ, സ്ത്രീകൾ, യുവജനങ്ങൾ, വയോധികർ എല്ലാം ഒരേ മനസ്സോടെ പങ്കെടുത്ത് ആരോഗ്യപൂർണമായ ഖത്തറിന്റെ ഭാവിക്കായി നിലകൊള്ളും.
ആഘോഷങ്ങളുടെ ഭാഗമായി ലുസൈൽ ബൊളെവാർഡിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹാഫ് മാരത്തൺ ആണ് ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. പ്രൊഫഷണൽ അത് ലറ്റുകൾ മുതൽ സാധാരണക്കാർ വരെ അണിനിരക്കുന്ന മാരത്തണിൽ നൂറിലേറെ രാജ്യങ്ങളിൽനിന്നായി ആയിരങ്ങൾ ഓടാനിറങ്ങും. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കി.മീ, അഞ്ച് കി.മീ, ഒരു കിലോമീറ്റർ ഫൺ റൺ എന്നീ ഇനങ്ങളിലായി വിവിധ പ്രായവിഭാഗങ്ങളിലുള്ളവർക്ക് മത്സരം നടക്കുക.
ഹാഫ് മാരത്തൺ രാവിലെ ആറിന് ആരംഭിക്കും. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് വൻ തുകയാണ് സമ്മാനമായി നൽകുന്നത്. കാണികളായി എത്തുന്നവർക്ക് ദേശീയ കായിക ഫെഡറേഷനുകളുമായി സഹകരിച്ച് ക്യു.ഒ.സി നിരവധി കായിക വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തിന് പുറമെ, കുടുംബത്തോടൊപ്പം ഒന്നിച്ച് ഇടപഴകാനും സംവദിക്കാനും അവസരമൊരുക്കി അൽ സദ്ദ് പ്ലാസയിൽ ടീം ഖത്തർ വില്ലേജ് പരിപാടികൾ ഒരുക്കിയിട്ടുണ്ട്. സ്കൂളുകൾ, മറ്റ് കമ്മ്യൂണിറ്റി കൂട്ടായ്മകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഫിറ്റ്നസ് സെക്ഷനുകൾ, സൗഹൃദ കായിക മത്സരങ്ങൾ എന്നിവ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. കായികതാരങ്ങൾക്ക് മാത്രമല്ല, എല്ലാവർക്കും കായിക വിനോദവും ക്ഷേമവും എന്നിവയെ കറിച്ചുള്ള സന്ദേശവും പ്രാധാന്യവും നൽകുന്നു.
ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 156 പാർക്കുകളിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. ജോഗിങ് ട്രാക്കുകൾ, പ്ലേ ഗ്രൗണ്ടുകൾ, ഫിറ്റ്‌നസ് പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ പരിപാടികൾ നടക്കും. ഉമ്മുൽ സനീം മുതൽ റൗദത്ത് അൽ ഖൈൽ വരെയുള്ള വിവിധ പാർക്കുകളിൽ നടക്കുന്ന പരിപാടിയിലേക്ക് പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ അറിയിച്ചു.
ദേശീയ കായികദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍ററിന്‍റെ ആഭിമുഖത്തില്‍ വിവിധ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിക്കും. രാവിലെ ഏഴു മുതല്‍ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ പരിപാടികള്‍ നടക്കും. പുരുഷ -വനിതാ ടീമുകളുടെ വടം വലി, ആം റെസ്ലിങ്, വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള മ്യൂസിക്കല്‍ ചെയര്‍, സ്പോര്‍ട്സ് ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമെ ഐ.എസ്.സിയിലെ വിവിധ അഫിലിയേറ്റഡ് സംഘടനകളുടെ നേൃത്വത്തില്‍ സുംബ, കരാട്ടെ, കളരി പയറ്റ്, സിലംബം തുടങ്ങിയ പ്രദര്‍ശനവും ഉണ്ടാവും.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോര്‍ഡിനേറ്റിങ് ഓഫിസറുമായ ഹരീഷ് പാണ്ഡെ മുഖ്യാതിഥിയായി പങ്കെടുക്കും. ആരോഗ്യമുള്ള സമൂഹത്തിന് സ്പോര്‍ട്സിന്‍റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ഖത്തര്‍ നാഷണല്‍ സ്പോര്‍ട്സ് ഡേയില്‍ പരമാവധി ഇന്ത്യന്‍ സമൂഹത്തിന്‍റെയും പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ എല്ലാ പ്രവാസികളും പങ്കാളികളാകണമെന്നും ഐ.എസ്.സി കോര്‍ഡിനേറ്റിങ് ഓഫിസര്‍ ഹരീഷ് പാണ്ഡെ, പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.