ദോഹ: സ്പെയിനിൽ വൻനാശം വിതച്ച് പടർന്നുപിടിച്ച കാട്ടുതീ അണക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനുമായി ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെ 'ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ്' രക്ഷാദൗത്യം ഊർജിതമാക്കി. സ്പാനിഷ് ആഭ്യന്തര മന്ത്രാലയവുമായും പ്രാദേശിക ദുരന്തനിവാരണ ഏജൻസികളുമായും സഹകരിച്ചാണ് ഖത്തരി സംഘം ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്.
നിലവിൽ കാസ്റ്റിൽ ആൻഡ് ലിയോൺ മേഖലയിലുള്ള അവില പ്രവിശ്യയിലെ പീഡ്രാലേവ്സ് മുൻസിപ്പാലിറ്റി കേന്ദ്രീകരിച്ചാണ് ലഖ്‌വിയ സംഘത്തിന്റെ പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി, സ്പാനിഷ് ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ പ്രൊട്ടക്ഷൻ ആൻഡ് എമർജൻസീസ് ജനറൽ സെക്രട്ടറി, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവരുമായി ഖത്തരി സംഘം അവലോകന യോഗം ചേർന്നു.
ദുരന്തഭൂമിയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്തു. തുടർന്ന് പ്രവർത്തന പദ്ധതിക്ക് രൂപം നൽകി സുരക്ഷാസേന, ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.