ദോഹ: ഞായറാഴ്ച പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഖത്തർ മ്യൂസിയംസും ഖത്തർ കലണ്ടർ ഹൗസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് പാർക്കിൽ വൈകീട്ട് മൂന്നു മുതൽ രാത്രി 11 മണി വരെ നടക്കും. പ്രവേശനം സൗജന്യമാണ്.
ഗ്രഹണത്തിന് മുന്നോടിയായി ഗൈഡഡ് ടൂറുകൾ, ട്രഷർ ഹണ്ട്, ആർട്ട് വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പെടെ സന്ദർശകർക്ക് കുടുംബസമേതം പങ്കെടുക്കാവുന്ന വിവിധ തരം പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന ഈ പരിപാടികളിൽ പങ്കെടുക്കുന്നതിന് ഖത്തർ മ്യൂസിയംസ് വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഖത്തറിലെ താമസക്കാർക്ക് ഗ്രഹണത്തിന്റെ എല്ലാ ഘട്ടങ്ങളും കാണാൻ സാധിക്കുമെന്ന് ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ ഖത്തർ കലണ്ടർ ഹൗസിലെ ആസ്ട്രോണമി വിദഗ്ധനായ ഡോ. ബഷീർ മർസൂഖ് അറിയിച്ചു.
പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന് ചുവപ്പ് കലർന്ന നിറം ലഭിക്കാറുണ്ട്. ഈ ഗ്രഹണം ആഫ്രിക്ക,മിഡിലീസ്റ്റ്, യൂറോപ്പ്, ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലും ദൃശ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.