ദോഹ: ഇന്ത്യന്‍ എംബസിയുടെ അപെക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഖേല്‍ മഹോത്സ’വിന്റെ ഭാഗമായുള്ള ചെസ്, ത്രോബാള്‍ ടൂര്‍ണമെന്റുകള്‍ വെള്ളിയാഴ്ച വിവിധ വേദികളിലായി അരങ്ങേറും. അണ്ടര്‍ 9, 11, 15 വിഭാഗങ്ങളിലായി നടക്കുന്ന റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് അബു ഹമൂറിലെ അൽ ജസീറ അക്കാദമിയിൽ ഉച്ചക്ക് രണ്ടുമുതൽ ആരംഭിക്കും.
ഖത്തറിലെ വിവിധ സ്കൂളുകളില്‍നിന്നും അക്കാദമികളില്‍ നിന്നുമായി 370ലധികം മത്സരാർഥികള്‍ ഇതിനകം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളുടെ ഏകാഗ്രത, സ്പോർട്സ്മാൻഷിപ് എന്നിവ വളർത്തുന്നതിനുള്ള വലിയ വേദിയായി മത്സരം മാറും. ഇന്‍ഡോ ഖത്തറിന്റെ സഹകരണത്തോടെ ഹൊര്വിറ്റസ് ബിഷപ്പ് ചെസ് അക്കാദമിയുടെ സാങ്കേതിക പിന്തുണയോടെയുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ ആസ്പയര് സോണിലെ ഡോമില്‍ വെച്ച് വനിതകള്‍ക്കായുള്ള ‘ത്രോബാള്‍ ടൂര്‍ണമെന്റ്’ മത്സരങ്ങളും നടക്കും. ഖത്തറിലെ വിവിധ ക്ലബുകളിലും ഗ്രൂപ്പുകളിലും നിന്നുള്ള 12 മുൻനിര വനിതാ ടീമുകൾ ഈ മത്സരത്തിൽ മാറ്റുരക്കും. വനിതകളിൽ കായികപങ്കാളിത്തം വർധിപ്പിക്കുക, ആരോഗ്യബോധം വളർത്തുക, സമൂഹ ഐക്യം ശക്തിപ്പെടുത്തുക എന്നിവയാണ് ടൂർണമെന്റ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോര്‍ഡിനേറ്റിങ് ഓഫിസറുമായ ഹരീഷ് പാണ്ഡേ ഇരു പരിപാടികളിലും മുഖ്യാതിഥിയായി പങ്കെടുക്കും. മത്സരങ്ങള്‍ കാണുന്നതിന് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർന്നുവരുന്ന കായികപങ്കാളിത്തത്തെയും ആവേശത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഐ.എസ്.സിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഖേൽ മഹോത്സവ് സംഘടിപ്പിക്കുന്നത്.
പഞ്ചാബി കബഡി, വനിതാ ക്രിക്കറ്റ് പരിശീലനം, ബൗളിങ് മത്സരം എന്നിവ ഇതിനോടകം പൂര്‍ത്തിയായതായി ഐ.എസ്.സി ഭാരവാഹികള്‍ അറിയിച്ചു. ഫുട്ബാള്‍, വോളിബാള്‍, ക്രിക്കറ്റ് തുടങ്ങിയവ ഡിസംബര്‍ ജനുവരി മാസങ്ങളിലായി നടക്കും. മത്സര പരിപാടികള്‍ക്ക് എല്ലാ കായിക പ്രേമികളുടെയും ഇന്ത്യന്‍ സമൂഹത്തിന്റെയും പിന്തുണയും സഹകരണവുമാണ്ടാകണമെന്നും ഐ.എസ്.സി ഭാരവാഹികള്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.