കണ്ട കിനാവുകൾ സഫലമായ നാളുകൾ

കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നമാണ് ഫുട്ബോൾ ലോകകപ്പ് നേരിൽ കാണുകയെന്നത്. ഖത്തറിൽ ലോകകപ്പ് വന്നതു കൊണ്ടു മാത്രം ആ കിനാവ് സഫലമായ നിരവധി പേരിൽ ഒരാളാണ് ഞാനും. 2010ലാണ് ഞാനും മക്കളും ഖത്തറിലെത്തുന്നത്. അതേ വർഷം തന്നെയാണ് 2022ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തറായിരിക്കുമെന്ന പ്രഖ്യാപനമുണ്ടായതും. അന്ന് കോർണിഷിൽ നടന്ന ആഘോഷപരിപാടികൾക്കിടയിലാണ് ആദ്യമായി അന്നത്തെ ഖത്തർ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയേയും കിരീടാവകാശി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയേയും ശൈഖ മോസയേയും മറ്റു രാജകുടുംബാംഗങ്ങളെയും നേരിൽ കാണുന്നത്. അറബ് ലോകത്തുനിന്നും പശ്ചിമേഷ്യയിൽ നിന്നും ഈ ടൂർണമെന്റിന് വേദിയാകുന്ന ആദ്യ രാജ്യമായി ഖത്തർ മാറിയെന്നറിഞ്ഞപ്പോൾ നെഞ്ചിൽ എന്തെന്നില്ലാത്ത ആഹ്ലാദം നുരഞ്ഞു പൊന്തിയെങ്കിലും 2022ലെ കളികാണാനൊക്കെ നമ്മളിവിടെ ഉണ്ടാകുമോ എന്നൊരാശങ്കയും ഉള്ളിലുണർന്നു.

2011 മുതൽ ഖത്തർ ലക്ഷ്യത്തിലേക്കടുക്കാനുള്ള വേഗക്കുതിപ്പിലായിരുന്നു. സ്റ്റേഡിയങ്ങളും ദൃശ്യവേദികളും ഒരുക്കണം, ലോകം ഈ ചെറു രാജ്യത്തേക്ക് ഒഴുകിവരുമ്പോൾ തട്ടുതടവില്ലാതെ എല്ലാം നടക്കുന്ന വിധത്തിൽ ഗതാഗത സംവിധാനങ്ങൾ കൃത്യമായിരിക്കണം. വിസ്‌തൃതി കൊണ്ട് വളരെ ചെറുതായ ഈ രാജ്യത്തിൽ 64 കളികൾ സമയബന്ധിതമായി ഫിഫ നിയമങ്ങൾ അനുസരിച്ച് മനോഹരമായി ആസൂത്രണം ചെയ്യണം.

ഞങ്ങളുടെ കൺമുന്നിലാണ് റോഡുകൾക്ക് വീതി കൂടിയത്. നിരവധി മേൽപ്പാലങ്ങൾ വന്നത്. ഭൂമിക്കടിയിൽ മെട്രോ ഒരുങ്ങിയത്. പുതിയ ഹോട്ടലുകളും താമസ സ്ഥലങ്ങളും മുശൈരിബ് ഡൗൺ ടൗണും നിരവധി പാർക്കുകളും കളിസ്ഥലങ്ങളും പൊന്തിവന്നത്. 2022 ആകുമ്പോൾ ഒരു വ്യാഴവട്ടക്കാലം ഖത്തറിൽ താമസിച്ച എനിക്ക് ഈ നാടിനോടുള്ള മുഹബ്ബത്ത് അസ്ഥിക്ക് പിടിച്ചിരുന്നു. ഇന്നുവരെ ഈ നാടിന്റെ സ്‌നേഹവും സുരക്ഷിതത്വവും അനുഭവിച്ച എനിക്ക് കളി അടുത്തെത്താനായപ്പോഴേ വളണ്ടിയർ ആകണമെന്ന മോഹം കലശലായി. ഇന്റർവ്യൂ പാസായി, ട്രെയിനിങ് കഴിഞ്ഞു.

ഫിഫ ലോകകപ്പ് 2022 വളണ്ടിയർ യൂണിഫോം കയ്യിൽ കിട്ടിയപ്പോൾ കണ്ണു നിറഞ്ഞു.ലോകകപ്പിന് മുന്നോടിയായി കലാലയങ്ങൾ തമ്മിൽ എജുക്കേഷൻ സിറ്റിയിൽ നടത്തിയ സൗഹൃദ മത്സരങ്ങളിൽ വളണ്ടിയർ ആയി കൊണ്ടായിരുന്നു തുടക്കം. 974 സ്റ്റേഡിയത്തിൽ കളി കാണാൻ വരുന്നവർക്കുള്ള ഉല്ലാസ കാഴ്ചകൾ ഒരുക്കലായിരുന്നു വളണ്ടിയറായ എന്റെ ചുമതല. കളി കാണാൻ വരുന്ന സ്ത്രീകൾക്ക് സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഹെന്ന ഇട്ടുകൊടുക്കുക, കാണികൾക്ക് അവരുടെ പേര് അറബിക് കാലിഗ്രാഫിയിൽ മനോഹരമായി എഴുതിക്കൊടുക്കുക, മറ്റു സാംസ്‌കാരിക പരിപാടികൾ പരിചയപ്പെടുത്തുക തുടങ്ങി കൾച്ചറൽ ഇവന്റുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തന മേഖല. കാണികളെല്ലാം സ്റ്റേഡിയത്തിനകത്ത് പ്രവേശിച്ച് കഴിഞ്ഞാൽ ഞങ്ങളുടെ ജോലി കഴിഞ്ഞു. പലപ്പോഴും ചോദിച്ചാൽ ഞങ്ങളെയും സ്റ്റേഡിയത്തിനകത്തേക്ക് കയറ്റി വിടും.

അങ്ങനെ പോർച്ചുഗലിന്റെയും ബ്രസീലിന്റെയും അർജന്റീനയുടേയും ഫ്രാൻസിന്റെയും കളികൾ നേരിൽ കാണാനായി. ഇടയിൽ ഒരു ദിവസം ഭർത്താവും കുട്ടികളുമൊത്ത് ഞങ്ങൾ നേരത്തെ വാങ്ങിവെച്ചിരുന്ന ടിക്കറ്റിൽ കളി കണ്ടു. ഓരോ ദിനരാത്രങ്ങളും ആഘോഷമായിരുന്നു. കാൽവിലങ്ങുകളഴിച്ച് കളിക്കാർ ഉന്മാദത്തോടെ സ്റ്റേഡിയങ്ങളിൽ പന്തുരുട്ടുമ്പോൾ ഫാൻ സോണുകളിലും ബീച്ചുകളിലും മാളുകളിലും മെട്രോയിലും സൂഖ് വാഖിഫിലും ചന്ദ്രക്കലയുടെ ആകൃതിയിലുള്ള കോർണിഷിലും സെറ്റ് ചെയ്തു വെച്ച വലിയ സ്‌ക്രീനുകളിൽ കളിയാരവങ്ങൾ ഉയർന്നു. രാപ്പകലുകൾ മനസ്സുകൊണ്ട് പന്തില്ലാതെ തന്നെ പന്തു കളിക്കുന്നവരായി ഞങ്ങൾ ഓരോരുത്തരും. ജേഴ്‌സിക്ക് പകരം പല ടീമുകളേയും പ്രതിനിധീകരിക്കുന്ന അറബ് വേഷമായ തോബും ഗുത്റയും അണിഞ്ഞ് പാശ്ചാത്യർ തെരുവിലിറങ്ങി.

കളി കഴിഞ്ഞ് പലപ്പോഴും പാതിരാത്രിക്കൊക്കെയാണ് മെട്രോയിൽ മടങ്ങിയിരുന്നത്. സുരക്ഷയുടെ കാര്യത്തിൽ യാതൊരു കോംപ്രമൈസിനും ഈ നാട് തയ്യാറല്ലായിരുന്നു. മരുഭൂമിയിലെ നിയമമനുസരിച്ച് ബന്ധങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം. അന്നുവരെ ഉണ്ടായിരുന്ന ബഹിഷ്‌കരണങ്ങളും വഴക്കുകളും മറന്ന് ഖത്തർ അയൽരാജ്യങ്ങളെയെല്ലാം സ്‌നേഹത്തോടെ ക്ഷണിച്ചു. എല്ലാവരേയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന ശൈഖ് തമീന്റെ ചിത്രം തേജോഹരമായിരുന്നു.

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള രാജ്യം തങ്ങളുടെ സംസ്‌കാരത്തേയും സ്വത്വത്തെയും അടിയറവ് വെക്കാതെ നടത്തിയ, സ്ത്രീകൾക്കും കുട്ടികൾക്കും ഭയലേശമന്യേ പങ്കെടുക്കാൻ കഴിഞ്ഞ ഫുട്ബോൾ മാമാങ്കമായി 2022 ഖത്തർ ലോകകപ്പ് ചരിത്രത്തിൽ ഇടം നേടി.

Tags:    
News Summary - football diary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.